വണ്ണപ്പുറം: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കെതിരെ അതിക്രമം. വണ്ണപ്പുറത്താണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് സ്‌കൂട്ടറിൽ മടങ്ങിയ യുവതിയെ, ബൈക്കിൽ പിന്തുടർന്ന് എത്തിയയാൾ കടന്നുപിടിച്ചു ആക്രമിക്കുകയായിരുന്നു. യുവതി നിലവിളിച്ചപ്പോൾ ഇയാൾ കടന്നുകളഞ്ഞു.

വ്യാഴാഴ്ച രാത്രി 8.30ന് വണ്ണപ്പുറത്താണ് സംഭവം. തൊടുപുഴയിലുള്ള ആശുപത്രിയിലെ ജോലികഴിഞ്ഞാണ് യുവതി വീട്ടിലേക്ക് പോയത്. കാളിയാർ എസ്‌റ്റേറ്റ് റോഡിന്റെ തുടക്കം മുതൽ ബൈക്ക് പുറകെ ഉണ്ടായിരുന്നു. അപ്പോൾ സംശയം തോന്നിയില്ല.

വീട്ടിലേക്ക് തിരിയുന്നവഴിയിൽ എത്തിയപ്പോഴാണ് ഇയാൾ യുവതിയെ കടന്നുപിടിച്ചത്. പേടിച്ചുപോയ യുവതി നിലവിളിച്ചു. ഇതോടെ ഇയാൾ ബൈക്ക് വേഗത്തിൽ ഓടിച്ചുപോയി. കാളിയാർ പൊലീസ് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.