പത്തനംതിട്ട: വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പമ്പ, മൂഴിയാർ സ്റ്റേഷനുകളിൽ നിലവിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാത്ത സ്ഥിതിയാണുള്ളത്. സ്ത്രീ പീഡന, പോക്സോ കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വനിതാ പൊലീസുകാരുടെ സേവനം ഓരോ സ്റ്റേഷനിലും അത്യാവശ്യമാണെന്നിരിക്കെ അവരുടെ എണ്ണത്തിലുള്ള കുറവ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

105 വനിതാ പൊലീസുകാർ വേണ്ട സ്ഥാനത്ത് 87 പേർ മാത്രമാണ് ജില്ലയിലുള്ളത്. വനിതാ സെല്ലിലും വനിതാ പൊലീസ് സ്റ്റേഷനിലും വനിതാ ഉദ്യോഗസ്ഥരുടെ കുറവ് ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഭാരവും സമ്മർദ്ദവും താങ്ങാവുന്നതിലും അപ്പുറമാണെന്ന് പരാതിയുണ്ട്.

പലർക്കും അവധി എടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് 60000 പൊലീസ് ഉദ്യോഗസ്ഥരുള്ളതിന്റെ 10 % മാത്രമാണ് വനിതകൾ. ട്രെയിനിങ് പൂർത്തിയാക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ മറ്റ് ജില്ലകളിലേക്ക് പോകുന്നതും പത്തനംതിട്ടയിൽ വനിതാ പൊലീസിന്റെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ട്. ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയെഷൻ ഉൾപ്പടെയുള്ള സംഘടനകൾ ഡിജിപിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പമ്പ, മൂഴിയാർ എന്നിവ വനമേഖലയിലുള്ള സ്റ്റേഷനുകൾ ആയതിനാൽ ഇവിടെ പുരുഷ പൊലീസുകാർ മാത്രമാണുള്ളത്. ശബരിമല തീർത്ഥാടന കാലത്ത് സ്പെഷൽ ഡ്യൂട്ടിക്കായി വനിതകളെ നിയോഗിക്കുമെന്ന് മാത്രം.