റാന്നി: ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവതി പൊടുന്നനേ പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ എടുത്തു ചാടി. ഒഴുക്കിൽപ്പെട്ട് പോയ യുവതിക്കായി തെരച്ചിൽ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം അവസാനിപ്പിച്ചു.

വെച്ചൂച്ചിറ ചാത്തൻതറ ഡി.സി.എൽ പടി സ്വദേശിനി കരിങ്ങാമാവിൽ ടെസി സോമനെ(ജെനി29) ആണ് വെള്ളച്ചാട്ടത്തിൽ കാണാതായതെന്ന് അധികൃതർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടാണ് സംഭവം. അഗ്നിശമന സേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ ഫോൺ ചെയ്തു കൊണ്ടിരുന്ന യുവതി പെട്ടെന്ന് വെള്ളച്ചാട്ടത്തിലേക്കു എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വെച്ചൂച്ചിറ പൊലീസും റാന്നിയിൽ നിന്നുള്ള അഗ്നിശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴ കനത്തതോടെ വൈകിട്ട് തെരച്ചിൽ അവസാനിപ്പിച്ചു.