- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ചോക്ലേറ്റുമായി എട്ടാം ക്ലാസുകാരിയുടെ പിന്നാലെ ചെന്നു; പോകുന്ന വഴിയിൽ എല്ലാം ഭയങ്കര ശല്യം; ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ യുവാവ് ചെയ്തത്; കൈയ്യോടെ പൊക്കി പോലീസ്

കൊല്ലം: ചോക്ലേറ്റ് നിരസിച്ചതിന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 19 വയസ്സുകാരനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ കിട്ടൻകോണം സിന്ധുഭവനിൽ ആനന്ദ് (19) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്.
കുറച്ചുനാളായി പെൺകുട്ടിയുടെ പിന്നാലെ ചോക്ലേറ്റുമായി നടന്ന് ശല്യം ചെയ്തിരുന്നയാളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. ശല്യം സഹിക്കവയ്യാതെ പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും, മാതാവ് സ്കൂളിലെത്തി അധ്യാപകരെ കാര്യം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, സംഭവദിവസവും ആനന്ദ് ചോക്ലേറ്റുമായി സ്കൂളിന്റെ മതിൽകടന്ന് കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ സമീപിച്ചു. ചോക്ലേറ്റ് നിരസിച്ചതോടെ ഇയാൾ കുട്ടിയുടെ കയ്യിൽ കടന്നുപിടിക്കുകയും സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ ഘട്ടത്തിൽ പെൺകുട്ടി പ്രതിയുടെ കയ്യിൽ കടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആനന്ദ് സ്കൂളിന്റെ മതിൽകടന്ന് ഓടി രക്ഷപ്പെട്ടു. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് ഏരൂർ പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
രക്ഷപ്പെട്ട പ്രതി സ്കൂളിന് സമീപത്തുള്ള ഒരു കടയിൽ ഒളിച്ചിരിക്കുകയാണെന്ന് പോലീസ് കണ്ടെത്തി. കടയ്ക്ക് സമീപത്തുനിന്ന് ഇയാളുടെ വാഹനം കണ്ടെത്തിയതോടെ പ്രതി പ്രദേശത്ത് തന്നെയുണ്ടെന്ന് പോലീസ് ഉറപ്പിച്ചു.
കടയ്ക്കുള്ളിൽ നടത്തിയ പരിശോധനയിൽ ആനന്ദിനെ പിടികൂടി. പ്രതിയുടെ ചിത്രം പകർത്തി സ്കൂൾ അധികൃതർക്ക് അയച്ചുനൽകി ആനന്ദ് തന്നെയാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ ആനന്ദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


