കോഴിക്കോട്: നടുവണ്ണൂരിൽ പനയിൽ നിന്ന് വീണ് 37-കാരനായ യുവാവ് മരിച്ചു. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സ്വദേശി സുബീഷ് ആണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. തെരുവത്ത്കടവ് ഒറവിൽ വെച്ച് പനങ്കായ പറിക്കാൻ മരത്തിൽ കയറിയതായിരുന്നു സുബീഷ്. എന്നാൽ, കൈ വഴുതി താഴേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് അത്തോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വെസ്റ്റ്‌ഹിൽ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.