റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം എടരിക്കോട് അരീക്കൽ സ്വദേശി രണ്ടോടൻ അബ്ദുൽ റഷീദ് (35) ആണ് ജിദ്ദ കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്.

ജിദ്ദയിലെ ഹയ്യ് അൽറൗദയിൽ കഫ്ത്തീരിയ ജീവനക്കാരനായിരുന്ന അബ്ദുൽ റഷീദിനെ ഒരാഴ്ച മുമ്പാണ് കഠിനമായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് പ്രവർത്തകർ ഇതിനായുള്ള സഹായങ്ങൾ നൽകുന്നുണ്ട്.