അടിമാലി: കടന്നല്‍ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പുപാലം കണ്ടമാലിപടിയില്‍ ഇന്നലെ ഉണ്ടായ കടന്നല്‍ ആക്രമണത്തിലാണ് ഭിന്നശേഷിക്കാരനായ യുവാവിനു ഗുരുതരമായി പരുക്കേറ്റത്. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവര്‍ അടിമാലി, ഇരുമ്പുപാലം ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കീപ്പുറത്ത് അബ്ദുല്‍ സലാമിനെയാണ് (35) കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെയാണ് സംഭവം. അബ്ദുല്‍ സലാമിന്റെ അയല്‍പക്കത്തുള്ള വീടിന്റെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെയാണു കടന്നല്‍ക്കൂട്ടം ഇളകിയത്. തൊഴിലാളികളും വീട്ടുകാരും ഓടി മാറി. ഇതോടെയാണ് വീടിനു പുറത്തു നില്‍ക്കുകയായിരുന്ന അബ്ദുല്‍ സലാമിനെ കടന്നല്‍ക്കൂട്ടം പൊതിഞ്ഞ്് ആക്രമിച്ചു. സംസാരശേഷിയില്ലാത്തതിനാല്‍ നിലവിളിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കണ്ടെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.