മലപ്പുറം: പരപ്പനങ്ങാടിയിൽ എക്സൈസ് റെയ്‌ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടികൂടിയത്. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്നാസ്(24) ആണ് ലഹരി മരുന്നുമായി പിടിയിലായത്. പ്രദേശത്ത് ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം. ഇയാളെ എക്സൈസ് ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തിൽ എക്‌സൈസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. അഫ്നാസിന് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു, ആരൊക്കെയാണ് ഇടപാടുകാർ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. എംഡിഎംഎ അന്യ സംസ്ഥാനങ്ങളിൽ നിന്നും കടത്തിയതാണെന്നും അന്വേഷണ ഉദ്യോഗത്തെ സംശയിക്കുന്നു.

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ.സി, അരുൺ.പി, ദിദിൻ.എം.എം, ജിഷ്ണാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിൽ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.