കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷയാണ് (28) കാസര്‍കോട് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. യുവാവ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ യുവതിയെ കടന്നു പിടിക്കുക ആയിരുന്നു.

ചെന്നൈയില്‍നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചെന്നാണു പരാതി. യുവാവിന്റെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ചു. ട്രെയിനില്‍ ഉണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു.

ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ പ്രതി കോച്ച് മാറിക്കയറി. മറ്റൊരു കോച്ചില്‍നിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയുമായി കാസര്‍കോട്ട് ഇറങ്ങുന്നതിനിടെ ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്നു പിടികൂടി. പ്രതിയെ റിമാന്‍ഡ് ചെയ്തു.