ചാമംപതാല്‍: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയെ കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചെത്തുതൊഴിലാളിയായ ചാമംപതാല്‍ കറിയാപറമ്പില്‍ ബിജു (57) ആണു മരിച്ചത്. സംഭവത്തില്‍ ചാമംപതാല്‍ വെള്ളാറപ്പള്ളി വീട്ടില്‍ അപ്പുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4.30നു വെള്ളാറപ്പള്ളി - മാരാംകുന്ന് റോഡിലായിരുന്നു സംഭവം.

ബിജു തെങ്ങ് ചെത്തുന്നതിനായി സൈക്കിളില്‍ പോകുമ്പോള്‍ അപ്പു തടഞ്ഞുനിര്‍ത്തിയശേഷം ആക്രമിക്കുകയായിരുന്നു. രക്തം വാര്‍ന്നു റോഡില്‍ കിടന്ന ബിജു സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവര്‍ തമ്മില്‍ നേരത്തേയും തര്‍ക്കമുണ്ടായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ബിജുവിന്റെ ഭാര്യ: തങ്കമ്മ. മക്കള്‍: ബിജേഷ്, അഭിലാഷ്.