താമരശ്ശേരി: പുതുപ്പാടി കൊളമല വനമേഖലയിൽ നായാട്ട് നടത്തി കലമാൻ ഇറച്ചിയുമായി കടക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ ഫോറസ്റ്റ് സംഘം പിടികൂടി. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഇയ്യമടത്തിൽ അബ്ദുൾ സമദിനെയാണ് (38) താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ തോക്കുകളുമായി വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ സ്വദേശി മുഹമ്മദ് റാഫി, നൗഫൽ എന്നിവരാണ് വനപാലകരെ വെട്ടിച്ച് കടന്നുകളഞ്ഞത്.

പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചതായുള്ള രഹസ്യവിവരത്തെ തുടർന്ന്, പുലർച്ചെ 2.30 മുതൽ വനപാലകർ നടത്തിയ തിരച്ചിലിലാണ് അബ്ദുൾ സമദ് വലയിലായത്. റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നാണ് മാനിന്റെ ഇറച്ചി കണ്ടെടുത്തത്.

കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫൽ എന്നിവരാണ് വനപാലകരെ വെട്ടിച്ച് രക്ഷപ്പെട്ടത്. ഇവർ വേട്ടയാടാൻ ഉപയോഗിച്ച തോക്കുകളുമായി ഒരു കാറിൽ രക്ഷപ്പെട്ടതായാണ് കരുതുന്നത്. പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഈ കാറിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.