കോഴിക്കോട്: പൊറോട്ട വിൽപ്പനയുടെ മറവിൽ എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിക്കച്ചവടം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ഫ്രാൻസിസ് റോഡ് സ്വദേശി കെ.ടി. അഫാം ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 30 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഹോട്ടലുകളിൽ പൊറോട്ട വിതരണം ചെയ്യുന്നതായിരുന്നു അഫാമിന്റെ പ്രധാന ജോലി. പൊറോട്ട വാങ്ങിക്കാനെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ അവര്‍ക്ക് എംഡിഎംഎയും വിതരണം ചെയ്യും.

രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫും ടൗൺ പോലീസും കുറച്ചുകാലമായി അഫാമിന്റെ വീട് നിരീക്ഷിച്ചു വരികയായിരുന്നു. ലഹരിമരുന്ന് സാന്നിധ്യം ഉറപ്പായതോടെ പോലീസ് റെയ്ഡ് നടത്തുകയും 30 ഗ്രാം എം.ഡി.എം.എ. കൂടാതെ ലഹരിമരുന്ന് തൂക്കി നോക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും സിപ് ലോക്ക് കവറുകളും കണ്ടെത്തുകയുമായിരുന്നു. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇയാളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. അഫാം എങ്ങനെയാണ് ലഹരിമരുന്ന് സംഘടിപ്പിച്ചിരുന്നതെന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.