തിരുവനന്തപുരം: പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെ മയക്കുമരുന്നുകേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൂവത്തൂര്‍ ചെല്ലാംകോട് എല്‍.പി. സ്‌കൂളിനു സമീപം സിമി ഭവന്‍ കൈതറക്കോണം വീട്ടില്‍ ശ്യാം ദാസ്(30) ആണ് പിടിയിലായത്. എം.ഡി.എം.എ. കടത്തുന്നതിനിടയിലാണ് ഇയാളെ തമ്പാനൂര്‍ പോലീസ് പിടികൂടിയത്.

ഇയാള്‍ക്ക് എം.ഡി.എം.എ. എത്തിച്ചുനല്‍കുന്ന കൊല്ലം പരവൂര്‍ ചരുവിള വീട്ടില്‍ സുപ്രിയയെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ഷാഡോ പോലീസ് സംഘമാണ് അരുവിക്കരയില്‍നിന്നും പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തു. പെണ്‍കുട്ടികളെ ലോഡ്ജില്‍ എത്തിച്ചുകൊടുത്ത് കമ്മിഷന്‍ പറ്റുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് ശ്യാമെന്ന് തമ്പാനൂര്‍ പോലീസ് പറയുന്നു. ഇയാളുടെ മൊബൈല്‍ഫോണില്‍നിന്നു പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചു.

നഗരത്തില്‍ ഓട്ടോറിക്ഷയില്‍ കറങ്ങിനടന്നാണ് ഇയാളുടെ മയക്കുമരുന്നു കച്ചവടം. തമ്പാനൂര്‍ സി.ഐ. വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എസ്.ഐ. വിനോദ്, സി.പി.ഒ. സാം ജോസ്, ശിവപ്രകാശ് എന്നിവര്‍ പങ്കെടുത്തു.