പത്തനംതിട്ട: യുവാക്കളുടെ മാനസിക ആരോഗ്യം വളർത്താനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിസാര പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാകാതെ യുവാക്കൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. കഴിഞ്ഞ ആറ് വർഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കേസുകൾ പഠിച്ച് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഗിഗ് തൊഴിലാളികളുടെ തൊഴിൽ മേഖല സംബന്ധിച്ചും പഠനം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രികരിച്ച് ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ കാമ്പയിനുകൾ സംഘടിപ്പിക്കും.

ജില്ലയിലെ വിദ്യാർത്ഥി യുവജന സംഘടനാ പ്രതിനിധികൾ, കോളജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ജാഗ്രതാസഭ രൂപീകരിക്കും. യുവ കർഷക സംഗമം, ഗ്രീൻ സോൺ പദ്ധതി, ദേശീയ സെമിനാർ, ആരോഗ്യ ക്യാമ്പ്, തൊഴിൽമേള തുടങ്ങിയവയും യുവജന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.

അദാലത്തിൽ ലഭിച്ച 17 പരാതികളിൽ ഒൻപതെണ്ണം തീർപ്പാക്കി. എട്ടെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഏഴ് പുതിയ പരാതികൾ സ്വീകരിച്ചു. തൊഴിൽ മേഖലയിലെ പ്രശ്നം, പിഎസ്‌സി നിയമനം തുടങ്ങി വിവിധ മേഖലകളിൽ യുവജനങ്ങൾ നേരിടുന്ന പരാതികളാണ് അദാലത്തിൽ ലഭിച്ചത്. അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി.എ സമദ്, റെനിഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ലീഗൽ അഡൈ്വസർ അഡ്വ. വിനിത വിൻസെന്റ് എന്നിവർ പങ്കെടുത്തു.