കൊച്ചി: മഴ പെയ്താൽ തോടാകുന്ന അവസ്ഥയാണ് കൊച്ചിയിലെ റോഡുകൾക്ക്. ഇത് പരിഹരിക്കാൻ ആരു ഭരണത്തിൽ ഇരുന്നിട്ടും കാര്യമില്ലെന്നാണ് കൊച്ചിക്കാരുടെ പക്ഷം. ഇടതുപക്ഷം ഭരിച്ചിട്ടും കൊച്ചിയുടെ അവസ്ഥ പരിതാപകരമാണ്. കൊച്ചി മേയർ അഡ്വ. എം അനിൽകുമാറിനെ ഉപരോധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംഘം. ചെറിയമഴ പെയ്താൽ പോലും കൊച്ചിയിൽ വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇതിനു പുറമെ തെരുവുനായ വിഷയവും കൊതുകുശല്യവും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസത്തെ മഴയിലും കൊച്ചിയിൽ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാൽ ഈ അവസ്ഥയിൽ പോലും ജനങ്ങൾക്ക് വേണ്ട സഹായമെത്തിക്കാനുള്ള ശ്രമം മേയറുടെയോ മറ്റു കൗൺസിലർമാരുടെയോ ഭാഗത്തുനിന്നുമുണ്ടായില്ലെന്ന ആക്ഷേപവും ഉയർത്തിയിട്ടുണ്ട്.

ഇതേ മേയർ പ്രതിപക്ഷത്തായിരുന്നപ്പോൾ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നുവെന്നും, എന്നാൽ മേയറായതിൽ പിന്നെ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ വിളിച്ചറിയിക്കാനാവില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഒന്നുകിൽ രാജി വെയ്ക്കണമെന്നും അല്ലെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.