മലപ്പുറം: നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ യു ട്യൂബറെ സിപിഎം പ്രവർത്തകർ കൈറ്റം ചെയ്തതായി പരാതി. കെട്ടിട പെർമിറ്റ് ഫീസിലെ ഭീമമായ വർധനക്കെതിരെ പരാതിയുമായെത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിന് നേരെയാണ് കൈയേറ്റം ഉണ്ടായത്. കൗണ്ടറിൽ പരാതി നൽകിയതിന് പിന്നാലെ തന്റെ ഫോണും മൈക്കും പ്രവർത്തകർ പിടിച്ചുവാങ്ങിയതായി നിസാർ ആരോപിച്ചു.

കെട്ടിട നിർമ്മാണാനുമതിക്കുള്ള ഫീസ് വർധിപ്പിച്ച വിഷയത്തിൽ താൻ പരാതി നൽകാൻ പോകുകയാണെന്ന് പറഞ്ഞ് നിസാർ കഴിഞ്ഞ ദിവസം പ്രത്യേക വിഡിയോ ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു. 'മുഖ്യമന്ത്രിയെ കാണാൻ നാളെ ചെല്ലുമ്പോൾ എന്റെ കൈയിൽ ഉറപ്പായും ഇതുണ്ടാവും' എന്ന കുറിപ്പോടെയുള്ള വിഡിയോയിൽ താൻ നൽകാൻ പോകുന്ന പരാതി വായിച്ചു കേൾപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. കൈയേറ്റത്തിനും ഫോണും മൈക്കും തട്ടിയെടുത്തതിനും നിസാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.