- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൈബര്‍ തട്ടിപ്പ്; വിസിറ്റിങ് വിസയില്‍ മാസങ്ങള്‍ക്ക് മുമ്പ് അഞ്ചു രാജ്യങ്ങളിലേക്ക് പോയവരുടെ വിവരങ്ങള്‍ തേടുന്നു
തിരുവനന്തപുരം: അഞ്ചു രാജ്യങ്ങളിലേക്ക് സന്ദര്‍ശകവിസയില്‍ പോയ മലയാളികളുടെ വിവരങ്ങള്‍ തേടുന്നു. മാസങ്ങള്‍ക്ക് മുമ്പ് വിസിറ്റിങ് വിസയില്‍ പോയിട്ട് ഇതുവരെ മടങ്ങിവരാത്ത മലയാളികളെ കുറിച്ചാണ് അന്വേഷണം. ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണിത്. വിയറ്റ്നാം, കംബോഡിയ, മ്യാന്മാര്, തായ്ലന്ഡ്, ലാവോസ് എന്നീ രാജ്യങ്ങളിലേക്ക് കടന്നവരെ കുറിച്ചാണ് അന്വേഷണം.
എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്ന് ശേഖരിച്ച വിവരമനുസരിച്ച് ഇത്തരത്തിലുള്ള എണ്ണൂറോളം പേരുണ്ടെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങളും വിലാസവും ഉള്‍പ്പെടെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറും. ഇവരെ എല്ലാം വിദേശത്തേക്ക് കൊണ്ടുപോയ ഏജന്റുമാരെയും കണ്ടെത്തും. കൊല്ലത്തുനിന്ന് ഒരു ഏജന്റ് ഇത്തരത്തില്‍ 36 പേരെ വിദേശത്തെത്തിച്ചതായി സൈബര്‍ ഡിവിഷന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പോലീസിന്റെ സൈബര്‍ ഡിവിഷന് തയ്യാറാക്കിയ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍വഴി വിവരങ്ങള്‍ നല്‍കാനാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദേശം.
ബന്ധപ്പെട്ട വ്യക്തികളുടെ വീട്ടിലെത്തി അവരുടെ മറ്റുവിവരങ്ങളും ശേഖരിക്കും. ഇക്കാര്യങ്ങള്‍ അപ്പപ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. ഇതിലേക്കുനല്കുന്ന വിവരങ്ങള്‍ തത്സമയം സൈബര്‍ ഡിവിഷന് വിദഗ്ധര്‍ക്ക് ലഭിക്കും. ഏജന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പോള്‍ത്തന്നെ അതത് പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറും.