- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അമീബയല്ല ഈ അമീബ! നമ്മള് പണ്ട് വരച്ച അമീബ നിരുപദ്രവകാരി; സംസ്ഥാനത്ത് മൂന്ന് ജീവന്‍ അപഹരിച്ച വില്ലന്‍ അമീബയെ അറിയാം
കോഴിക്കോട്: സ്‌കൂള്‍ കാലത്ത് നമുക്കൊക്കെ ഏറെ ഇഷ്ടപ്പെട്ട ജീവിയായിരുന്നു അമീബ. കാരണം അതിനെ എളുപ്പത്തില്‍ വരയ്ക്കാം. അമീബയുടെ ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്തുക എന്നത് ആര്‍ക്കും മാര്‍ക്ക് നേടാവുന്ന ഷുവര്‍ ചോദ്യമായിരുന്നു. എന്നാല്‍ ഇന്ന് അമീബയുടെ പേരില്‍ കേരളം ഞെട്ടുകയാണ്. വെളളത്തിലുടെ പകരുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നുപേരാണ് ഈയിടെ മരിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശി മൃദുല്‍ എന്ന 14കാരനാണ് അവസാനം മരിച്ചത്. കണ്ണൂര്‍, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്. കഴിഞ്ഞ 16ന് ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിലായിരുന്നു മൃദുല്‍ കുളിച്ചത്. കുട്ടിക്ക് അണുബാധ ഉണ്ടായതിനാല്‍ കുളം നഗരസഭ അധികൃതര്‍ അടപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രി 11. 24 ന് ആണ് മൃദുല്‍ മരിച്ചത്.
കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുധന്യ ദമ്പതികളുടെ മകള്‍ വി.ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ പന്ത്രണ്ടിനാണ് മരിച്ചത്. ജനുവരിയില്‍ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമായതെന്നാണു സംശയിക്കുന്നത്. സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ദക്ഷിണയ്ക്ക് മൂന്നര മാസം കഴിഞ്ഞ് മേയ് എട്ടിനാണ് ലക്ഷണങ്ങള്‍ കണ്ടത്. തലവേദനയും ഛര്‍ദിയും ഭേദമാകാതെ വന്നതോടെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 20 നാണ് മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകള്‍ ഫദ്വ (5) മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കല്‍ കടവില്‍ കുളിച്ച ഫദ്വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്‌ക്കൊടുവില്‍ ഫദ്വ മരണത്തിനു കീഴടങ്ങി.
ഈ വാര്‍ത്തകള്‍ പുറത്തുവന്നയോടെ ജലാശയങ്ങളില്‍ കുളിക്കാന്‍ പോലും ജനത്തിന് പേടിയാണ്. അമീബ ഒരു ഭീകരജീവിയായും പലരും കരുതി. എന്നാല്‍ നാം ചെറുപ്പകാലത്ത് വരച്ചുപഠിച്ച ആ അമീബയല്ല, ഈ അമീബയെന്ന്, വ്യക്തമാക്കുകയാണ്, ശാസ്ത്ര ലേഖകനും സുവോളജി പ്രൊഫസറുമായിരുന്ന, ഡോ പി കെ സുമോദന്‍. ഗോവയിലെ മലേറിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിനോക്കിയ, വയനാട് ജില്ലാ മലേറിയ ഓഫീസര്‍ കുടിയായിരുന്ന ഇദ്ദേഹം, തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
അമീബ ഒരു ഭീകര ജീവിയല്ല
ഡോ പി കെ സുമോദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. -'ആ അമീബയല്ല ഈ അമീബ .അമീബ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് പണ്ട് സ്‌കൂളില്‍ പഠിച്ച ആകൃതിയില്ലാത്ത ആ സൂക്ഷ്മ ജീവിയെ കുറിച്ചായിരിക്കും. ജീവശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് വരയ്ക്കാന്‍ ഏറ്റവുമിഷ്ടമുള്ള ജീവിയാണ് അമീബ. പ്രത്യേക രൂപമില്ലാത്തതുകൊണ്ട് എങ്ങനെ വരച്ചാലും തെറ്റില്ല. ഇഷ്ടമുള്ള ആകൃതിയുള്ള ഒരു കോശം, അതിനുള്ളില്‍ ഒരു ന്യൂക്ലിയസും ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന ഒരു സഞ്ചിയും (contractile vacuole ) ഭക്ഷണം നിറച്ച ഏതാനും സഞ്ചികളും (food vacuoles), കഴിഞ്ഞു, അമീബയായി . അമീബ പ്രോട്ടിയസ് എന്നാണ് ആ അമീബയുടെ പേര്. ആള്‍ നിരുപദ്രവിയാണ്.
കേരളത്തില്‍ ഈയിടെ മൂന്ന് ജീവന്‍ അപഹരിച്ച വില്ലന്‍ അമീബ ആള്‍ വേറെയാണ്. അതിന്റെ ശാസ്ത്രീയനാമത്തില്‍ അമീബ എന്ന വാക്കുപോലുമില്ല. നേയ്ഗ്ളെറിയ ഫൌളെറി (Naegleria fowleri) എന്നാണ് മൂപ്പരുടെ പേര്‍. അമീബയെ പോലെ തന്നെ വെള്ളത്തിലാണ് താമസം. പ്രത്യേകിച്ചും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍. വേനല്‍ കാലത്ത് വെള്ളത്തിന്റെ ചൂട് കൂടുമ്പോള്‍ അവയുടെ എണ്ണവും വര്‍ദ്ധിക്കും. വെള്ളത്തിലായിരിക്കുമ്പോള്‍ ഭക്ഷണം ബാക്ടീരിയകളാണ്. നേയ്ഗ്ളെറിയ ഫൌളെറിയുള്ള ജലാശയങ്ങളില്‍ മുങ്ങുകയോ, കുളിക്കുകയോ, നീന്തുകയോ ചെയ്യുമ്പോള്‍ വെള്ളം മൂക്കില്‍ കയറാനിടയായാല്‍ മൂക്കിനുള്ളിലെ സ്തരത്തില്‍ ഒട്ടിപ്പിടിക്കുകയും നാഡികള്‍ വഴി തലച്ചോറിലെത്തുകയും ചെയ്യും.
നാഡീകോശങ്ങളും ചുറ്റുമുള്ള മറ്റ് കോശങ്ങളും ഭക്ഷണമാക്കും . അങ്ങനെയാണ് നേയ്ഗ്ളെറിയാസിസ് (Naegleriasis) അല്ലെങ്കില്‍ പ്രൈമറി അമീബിക്ക് മെനിഞ്ചോഎന്‍സെഫലിറ്റിസ് (Primary amoebic meningoencephalitis) എന്ന രോഗമുണ്ടാകുന്നത്. രോഗം ബാധിച്ചാല്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. ചില മരുന്നുകളൊക്കെ ഉണ്ടെങ്കിലും മരണനിരക്ക് 97% മാണ്. കഴിയുന്നതും ക്ലോറിനേഷന്‍ നടത്താത്ത ജലാശയങ്ങളില്‍ കുളിക്കാതിരിക്കുക, മൂക്കില്‍ വെള്ളം പോകാതിരിക്കാന്‍ ശ്രദ്ധിക്കുക (കുടിച്ചാല്‍ പ്രശ്നമില്ല) തുടങ്ങിയ പ്രതിരോധ മര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇതിനെ നേരിടാന്‍ നമ്മുടെ കൈയിലുള്ള മാര്‍ഗ്ഗങ്ങള്‍. "- ഡോ സുമോദന്‍ വ്യക്തമാക്കുന്നു.
കിണറുകള്‍ ആള്‍മറ കെട്ടി സൂക്ഷിക്കയും, കെട്ടിക്കിടക്കുന്ന വെള്ളത്തിലെ കുളി ഒഴിവാക്കുകയും ചെയ്താല്‍ നമുക്ക് ഒരു പരിധി വരെ ഈ രോഗം പ്രതിരോധിക്കാനാവുമെന്നും ഡോ സുമോദന്‍ കമന്റുകള്‍ക്ക് മറുപടിയായി വ്യക്തമാക്കുന്നുണ്ട്.