- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് തീപിടിത്തത്തില്‍ സാഹസികമായി രക്ഷപ്പെട്ട് കാസര്‍കോഡ് സ്വദേശി; ആപത്ഘട്ടത്തില്‍ രക്ഷയായത് ഇത്
കാസര്‍കോട്: വലിയ പ്രതീക്ഷകളും, സ്വപ്‌നങ്ങളുമായാണ് മിക്കവരും, ഗള്‍ഫിലേക്ക് പറക്കുന്നത്. നാല് ദിവസം മുമ്പ് കുവൈറ്റിലെത്തി ക്യാമ്പില്‍ താമസിച്ച് തുടങ്ങിയ ചാവക്കാട് സ്വദേശി ബിനോയിയെ പോലുളള 24 മലയാളികളാണ് തീപിടിത്തത്തില്‍ ദുരന്തം ഏറ്റുവാങ്ങിയത്. കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പായ ആറുനില കെട്ടിടത്തില്‍, താഴത്തെ നിലയില്‍ പുലര്‍ച്ചെ നാലിന് ഉണ്ടായ തീ പടര്‍ന്നപ്പോള്‍ എല്ലാവരും ഉറക്കമായിരുന്നു. ചിലര്‍ രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ താഴേക്ക് ചാടിയെങ്കിലും ദുരന്തമായിരുന്നു ഫലം. എന്നാല്‍ മംഗഫ ക്യാമ്പിലെ തീപിടിത്തത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ഒരു മലയാളിയുണ്ട്.
കാസര്‍കോട് സ്വദേശി നളിനാക്ഷനാണ് താഴെയുള്ള വാട്ടര്‍ ടാങ്കിലേക്ക് ചാടി രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് നളിനാക്ഷന്‍ ടാങ്കിലേക്ക് ചാടിയത്. നളിനാക്ഷന്‍ വീട്ടിലേക്ക് വിളിച്ചതോടെ തൃക്കരിപ്പൂര്‍ ഒളവറയിലെ അമ്മ യശോദയ്ക്കും ഭാര്യ ബിന്ദുവിനും സഹോദരങ്ങള്‍ക്കും ആശ്വാസമായി.
നിരവധി പേര്‍ തീപിടിത്തത്തില്‍ മരിച്ചെന്ന വാര്‍ത്ത പരന്നതോടെ ആധിയിലായിരുന്നു ഇവര്‍.'കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീയും പുകയും വന്നപ്പോഴാണ് കാര്യം മനസിലാകുന്നത്. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടര്‍ ടാങ്കിന്റെ കാര്യം ഓര്‍ത്തത്. ചാടാന്‍ പറ്റുമെന്ന് ഓര്‍ത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തുചാടി. വീഴ്ചയില്‍ അരയ്ക്ക് താഴെ പരിക്കേറ്റു. ആശുപത്രിയില്‍ എത്തുന്നതുവരെ ബോധമുണ്ടായിരുന്നില്ല', നളിനാക്ഷന്‍ ബന്ധുക്കളോട് പറഞ്ഞു. 10 വര്‍ഷത്തിലേറെയായി കുവൈറ്റില്‍ ജോലി ചെയ്യുകയാണ് നളിനാക്ഷന്‍.
അതിനിടെ, കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബെന്‍ എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍ നിന്ന് സുഹൃത്ത് അറിയിച്ചത്. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞു.
അതേസമയം വിദേശകാര്യമന്ത്രി സഹമന്ത്രി കീര്‍ത്തി വര്‍ധന്‍സിങ് കുവൈത്തില്‍ എത്തിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് പോകും. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ അയക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിക്കും. മന്ത്രി ഇന്നുതന്നെ യാത്രതിരിക്കും. വലിയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേങ്ങള്‍ നടപ്പാക്കുക. കുടുംബങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ കൈമാറുക എന്ന ലക്ഷ്യങ്ങളാണ് സര്‍ക്കാരിനുള്ളത്. മറ്റുകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ഏകോപിപ്പിക്കും.
അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (40), മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എംപി ബാഹുലേയന്‍ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.
കാസര്‍കോട് തൃക്കരിപ്പൂര്‍ എളമ്പച്ചി സ്വദേശി കേളു പൊന്മലേരി, ചെര്‍ക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബു(29), പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് എസ്.നായര്‍, കൊല്ലം സ്വദേശി ഷമീര്‍ ഉമറുദ്ദീന്‍, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരന്‍ (54 , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു48), പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ്(56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മന്‍, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതി വിലയിരുത്തുന്നതിനായി അവിടെത്തിയശേഷം ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ മന്ത്രി സന്ദര്‍ശിക്കും. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ അറിയിച്ചു.
കെട്ടിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചത് അതീവ ദുഃഖകരമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായവരില്‍ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വര്‍ധിപ്പിക്കുന്നെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കു എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.