- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയവും ബിസിനസും പാപ്പരാക്കിയ സൂപ്പര്‍സ്റ്റാര്‍; ഇപ്പോള്‍ 81-ാം വയസില്‍ പ്രഭാസിനെ മലര്‍ത്തിയടിക്കുന്ന സൂപ്പര്‍ ഹീറോ! വീണ്ടും ബിഗ് ബി തരംഗം
വിന്റേജ് ലുക്ക്, വിന്റേജ് ഹീറോ എന്നൊക്കെയല്ലാതെ ഓള്‍ഡ് ഏജ് ലുക്കും, ഓള്‍ഡ് ഏജ് ഹീറോയുമുണ്ടോ! എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടെന്നാണ് ബോളിവുഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഈ 81-ാം വയസ്സിലും ഒരു നടന് കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ കൈയടി നേടുകയാണ്. കല്‍ക്കി 2898 എന്ന ബ്ര്ഹമാണ്ഡ ചിത്രത്തില്‍ അഗ്നിപര്‍വത സമാനമായ പ്രകടനമാണ് ബിഗ് ബി എന്ന അമിതാബച്ചന് കാഴ്ചവെച്ചിരുക്കുന്നത്. സാക്ഷാല്‍ ബാഹുബലി പ്രഭാസിനെ ഇടിച്ചിടാന്‍ മാത്രമുള്ള താരമൂല്യം, ബോളിവുഡിലെ ഷെഹന്ഷാക്കല്ലാതെ മറ്റാര്ക്കാണുള്ളത്്.
കല്‍ക്കിയില്‍ പ്രഭാസ് അടക്കമുള്ള പ്രമുഖതാരങ്ങളുടെ ഇന്ട്രാക്ക് ശേഷമാണ്, ബച്ചന്റെ വയോധിക കഥാപാത്രം വരുന്നത്. അപ്പോള്‍ കേരളത്തിലെ തീയേറ്ററില്‍ അടക്കം ഉയരുന്ന ഹര്‍ഷാരവം നോക്കുക. മൂന്ന് തലമുറകളെക്കൊണ്ട് കൈയടിപ്പിക്കാന്‍ കഴിഞ്ഞ, ലോകത്തിലെ ഒരേ ഒരു നടനും, സ്റ്റാര്‍ ഓഫ് ദി മിലേനിയം എന്ന് അറിയപ്പെടുന്ന ബച്ചനായിരിക്കും.
81 വയസ്സുള്ള ഒരു ശരാശരി ഭാരതീയന്റെ അവസ്ഥ പൊതുവേ എന്താണ്? കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര് എന്ന ടോക്സിക്ക് മല്ലു പരിഹസിക്കുന്ന ആ പ്രായത്തിലാണ്, അയാള്‍ ഫയര്‍ ആവുന്നത്. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ ഏത് പ്രായത്തിലും കോടികള്‍ സമ്പാദിക്കാമെന്നും, ജീവിതം വാര്‍ധക്യത്തിലും നന്നായി ആസ്വദിക്കമെന്നും ബച്ചന് തെളിയിക്കുന്നു. 60 വയസ്സായി റിട്ടയര്‍ ആയാല്‍ ഷുഗറും, പ്രഷറും, കൊളസ്ട്രോളുമായി മൂലക്കാവുന്ന ശരാശരി ഇന്ത്യക്കാര്‍ക്കിടയില്‍ ബച്ചന് വേറിട്ടതാവുന്നു. ( നമ്മുടെ മമ്മൂട്ടി ഒരുപക്ഷേ ഈ റെക്കോര്‍ഡ് മറികടക്കാന്‍ സാധ്യതയുണ്ട്. 81-ാം വയസ്സിലും ചിലപ്പോള്‍ മമ്മൂട്ടി, ബച്ചനെയും കടന്ന് നായകന് വരെ ആയേക്കാ!) വിന്ന്േറജ് ബച്ചനെ ആസ്വദിച്ചപോലെ, നവമാധ്യമങ്ങളില്‍ ഈ ഓള്‍ഡ് ഏജ് ബച്ചനും കൊണ്ടാടപ്പെടുന്നു. ബോളിവുഡില്‍ വീണ്ടും ബിഗ് ബി തരംഗമെന്ന് മാധ്യമങ്ങള്‍ എഴുതുന്നു.
മരണമില്ലാത്ത, ചിരംഞ്ജീവിയായ അശ്വത്ഥമാവിന്റെ റോള്‍ ഈ 81-ാം വയസ്സില്‍ കൈകാര്യം ചെയ്യുന്ന ബച്ചന്, തന്റെ കരിയര്‍ കത്തിനില്‍ക്കുന്ന സമയത്ത് മരണത്തിന്റെ തൊട്ടടുത്തെത്തി തിരിച്ചുവന്ന നടനാണ്. ഗോഡ്ഫാദര്‍മാര്‍ ആരുമില്ലാതെ ഒറ്റക്ക് വഴിവെട്ടിവന്ന് സൂപ്പര്‍സ്റ്റാറായ ഈ നടന്റെ ജീവിതം കയറ്റിറക്കങ്ങളുടേതാണ്. കോടികള്‍ വാരുന്ന സിനിമ വിട്ട് രാഷ്ട്രീയത്തിലും ബിസിനസിലും ഇറങ്ങിയപ്പോള്‍ പൊട്ടിപാളീസായി പാപ്പരായ അനുഭവവും അദ്ദേഹത്തിനുണ്ട്. പക്ഷേ ഓരോ തിരിച്ചടിയില്‍നിന്നും ബച്ചന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുനേല്‍ക്കും. അതിവിചിത്രമാണ് ആ ജീവിത സാഗരം!
ആരാണ് ഇന്‍ക്വിലാബ് ശ്രീവാസ്തവ?
അമിതാബ് ബച്ചനെ അറിയാത്തവര്‍ ഇന്ത്യയില്‍ ഏറെയൊന്നും ഉണ്ടാവില്ല. എന്നാല്‍, ഇങ്ക്വിലാബ് ശ്രീവാസ്തവയെക്കുറിച്ച് ഏറെപ്പേര്‍ക്കൊന്നും അറിവുണ്ടാവാന്‍ തരമില്ല. രണ്ടും ഒരാള്‍ തന്നെയാണ്. ഇന്നത്തെ ബിഗ് ബിയ്ക്ക് പണ്ട് ഇങ്ക്വിലാബ് ശ്രീവാസ്തവ എന്നു പേരിട്ടതിന് പിന്നില്‍ ഒരു കഥയുണ്ട്. അതെക്കുറിച്ച് ബച്ചന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
"ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലായിരുന്നു എന്റെ ജനനം. പ്രക്ഷോഭം കൊടുമ്പിരികൊള്ളുമ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായിരുന്നു അമ്മ തേജി ബച്ചന്. അക്കാലത്ത് നാട്ടില്‍ ഒരുപാട് റാലികളെല്ലാം നടക്കും. ഒരു ദിവസം അമ്മ തേജിയും ഒരു റാലിയില്‍ പങ്കെടുത്തു. എന്നാല്‍, ഇക്കാര്യം വീട്ടില്‍ ആരും അറിഞ്ഞിരുന്നില്ല. അമ്മയെ കാണാതായതോടെ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. ഒടുവില്‍ ഒരു റാലിയില്‍ വച്ചാണ് അവര്‍ക്ക് അമ്മയെ കണ്ടുകിട്ടിയത്. ഉടനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അമ്മ വീട്ടിലെത്തിയപ്പോള്‍ അച്ഛന് ഹരിവംശ്റായി ബച്ചന്റെ ഒരു സുഹൃത്തും അവിടെ എത്തിയിരുന്നു. അമ്മയുടെ ദേശഭക്തിയെ കളിയാക്കിയ അദ്ദേഹമാണ് ജനിക്കാന്‍ പോകുന്ന മകന് ഇങ്ക്വിലാബ് എന്ന് പേരിടണമെന്ന് കളിയായി പറഞ്ഞത്."
സുഹൃത്തിന്റെ ഉപദേശം കവി കൂടിയായ ഹരിവംശ്റായി ബച്ചന് തള്ളിക്കളഞ്ഞില്ല. ഒക്ടോബര്‍ 11ന് ജനിച്ച മകന് ഹരിവംശ് റായി ഇങ്ക്വിലാബ് ശ്രീവാസ്തവ എന്നു തന്നെ പേരിട്ടു."ഞാന്‍ ജനിച്ച ദിവസം അച്ഛന്റെ അടുത്ത സുഹൃത്തും കവിയുമായ സുമിത്ര നന്ദന് പന്ത് വീട്ടില്‍ വന്നു. അദ്ദേഹമാണ് കെടാത്ത നാളം എന്ന് അര്‍ഥം വരുന്ന അമിതാഭ് എന്ന പേര് നിര്‍ദേശിച്ചത്. അച്ഛന് അദ്ദേഹത്തിന്റെ തൂലികാനാമമായ ബച്ചന് എന്ന പേരുകൂടി ചേര്‍ത്ത് ഇങ്ക്വിലാബ് ശ്രീവാസ്തവ എന്ന എന്നെ അമിതാഭ് ബച്ചനാക്കി"- ബച്ചന് പറയുന്നു
നൈനിത്താള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്, പിന്നീട് കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കി. സിനിമ സ്വപ്നം കണ്ടിരുന്ന യുവാവിന് തുടക്കകാലത്ത് തന്റെ ശബ്ദവും ഉയരവും സിനിമയില്‍ അവസരം കിട്ടാന്‍ പ്രതികൂലഘടകങ്ങളായിരുന്നു. എന്നാല്‍ പില്ക്കാലത്ത് അതേ ശബ്ദവും ഉയരവും തന്റെ താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ ബച്ചന് നിര്‍ണായക ഘടകങ്ങളായി മാറി. അനിയന് അജിതാബ് ബച്ചനാണ് ചേട്ടനെ നടക്കാന്‍ ഏറെ ശ്രമിച്ചത്.
ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷായായും ഡോണായും ക്ഷുഭിത യൗവ്വനത്തിന്റെ മുഖമായും മാറിയ അഭിനയ പ്രതിഭയാണ് അമിതാഭ് ബച്ചന്. മതിയാവോളം ഗാംഭീര്യമില്ലെന്നു പറഞ്ഞ് ആകാശവാണി തിരസ്കരിച്ച ശബ്ദം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ദശകങ്ങളോളം ഇദ്ദേഹം കൈപ്പിടിയിലൊതുക്കി. ( യേശുദാസിനെയും ആകാശവാണി ഇതുപോലെ പറഞ്ഞയച്ചയാണെന്ന് ഓര്‍ക്കണം) ഇന്ന് കല്‍ക്കി മലയാളം കണ്ടവര്‍ പലരും കമന്ന്റ്് ചെയ്യുന്നത് ബച്ചന്റെ ഒറിജിനല്‍ ശബ്ദം കേള്‍ക്കാനായി ഹിന്ദി പതിപ്പ് കാണണം എന്നാണ്.
ഷോലയിലുടെ മെഗാതാരം
1968-ല്‍ മുംബൈയില്‍ എത്തിയ ബച്ചന് 1969-ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനിഎന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരില് ഒരാളായിട്ടാണ് അഭിനയരംഗത്തേയ്ക്കുള്ള തുടക്കം. നമ്മുടെ നടന് മധു ഇതിലെ നായകരില്‍ ഒരാള്‍ ആയിരുന്നു. വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചന് കിട്ടി.
രണ്ട് വര്‍ഷത്തിന് ശേഷം ഹൃഷികേശ് മുഖര്‍ജിയുടെ ആനന്ദില്‍ ഭാസ്കര്‍ ബാനര്‍ജിയായി തന്റെ മേല്‍വിലാസം ബോളിവുഡില്‍ രേഖപ്പെടുത്തി. പക്ഷേ തുടര്‍ന്നുള്ള സിനിമകള്‍ ഒന്നും വിജയമായില്ല.
തന്റെ മുപ്പതാം വയസ്സില്‍ പന്ത്രണ്ട് ഫ്ളോപ്പുകളും, രണ്ട് ഹിറ്റുകളും മാത്രമുള്ള ഒരു 'പരാജയപ്പെട്ട പുതുമുഖം' ആയിട്ടാണ് ബച്ചന് വിശേഷിക്കപ്പെട്ടത്. ഫീല്‍ഡ് ഔട്ട് ആകലിന്റെ വക്കത്തുനിന്ന് അദ്ദേഹത്തെ രക്ഷിച്ചത്, സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന തിരക്കഥാകൃത്ത് ദ്വയമായ 'സലിം-ജാവേദ്' ആയിരുന്നു. ശരിക്കും ബച്ചനിലെ ക്ഷുഭിതനായ ചെറുപ്പക്കാരനെ കണ്ടെത്തിയത്് ഇവരായിരുന്നു. സലിം ഖാന്, കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ച സഞ്ജീറിലെ (1973) വേഷമാണ് ബച്ചനെ, ഇന്ത്യയെ പിടിച്ചുകലുക്കിയ 'ആംഗ്രി യങ്് മാനാ'ക്കിയത്. അക്കാലത്ത് സിനിമാ വ്യവസായത്തില്‍ പ്രബലമായ 'റൊമാന്റിക് ഹീറോ' ഇമേജിന് എതിരായതിനാല്‍ ഈ വേഷം ചെയ്യുന്നതിന് സമീപിച്ച നിരവധി ഹീറോകള്‍ പിന്മാറുകയായിരുന്നു. ഒടുവിലാണ് അത് ബച്ചനിലേക്ക് എത്തുന്നത്.
ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ബച്ചന് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. സൂപ്പര്‍ ഹിറ്റായ ഈ പടത്തോടെ ബച്ചനും സൂപ്പര്‍ താരമായി. പിന്നീട് ഇറങ്ങിയ ദീവാറും (1975), ബ്ലോക്ക് ബസ്റ്ററായി. പക്ഷേ യാഥാര്‍ത്ഥ ബച്ചന് പടം വാരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതാണ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ ഷോലെ.
1975 ഓഗസ്റ്റ് 15 ന് അടിയന്തരാവസ്ഥകാലത്തു പുറത്തിറങ്ങിയ ഷോലെ, അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി. കാശ്മീര്‍ തൊട്ട് കന്യാകുമാരിവരെ ചിത്രം തരംഗമായി. ഷോലെയിലെ ജയ്ദേവ് എന്ന കഥാപാത്രം ബച്ചനെ മെഗാസ്റ്റാറക്കി. 1999- ല്‍ ബിബിസി ഇന്ത്യ, ഷോലെയെ 'സഹസ്രാബ്ദത്തിന്റെ ചിത്രമായി' പ്രഖ്യാപിച്ചു. അതേ വര്‍ഷം, 50 വര്‍ഷങ്ങളിലെ മികച്ച ഫിലിംഫെയര്‍ ചിത്രമെന്ന പ്രത്യേക അവാര്‍ഡും ചിത്രത്തിന് ലഭിച്ചു. ഇന്ത്യയില്‍ ഇന്നും ഏറ്റവും കൂടുതല്‍ പേര് കണ്ട ചിത്രം എന്ന ചോദ്യത്തിന്, ഷോലെ എന്നല്ലാതെ മറ്റൊരു മറുപടിയില്ല.
70-കളിലെ തലമുറയിലെ നിരാശയുടെ പ്രതീകമായിരുന്നു ബച്ചന്റെ ക്ഷുഭിത യൗവന കഥാപാത്രങ്ങളെന്ന് പിന്നീട് വിലയിരുത്തലുണ്ടായി. പട്ടിണി, തൊഴിലില്ലായ്മ, അഴിമതി, സാമൂഹിക അസമത്വം, അടിയന്തരാവസ്ഥയുടെ ക്രൂരത എന്നിവ അനുഭവിക്കുന്നവര്‍ക്കിടയില്‍, ബച്ചന് ശരിക്കും ഹീറോയായി. അഭിമാന്, നമക് ഹരാം, അമര്‍ അക്ബര്‍ ആന്റണി, കൂലി, ഡോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ബച്ചന്റെ ഗ്രാഫുയര്‍ത്തി. ഇന്ന് ലയണല്‍ മെസ്സിയെ ഫുട്ബോളിലെ 'ഗോട്ട്', അതായത് ഗ്രേറ്റസ്്റ്റ് ഓഫ് ഓള് ടൈം എന്ന് ആരാധകര്‍ പറയുന്നതുപോലെ ബച്ചനും ഇന്ത്യന്‍ സിനിമാ വ്യവസായത്തിലെ ഗോട്ട് ആയി.
ഇന്ന് നാല് ദശബ്ദത്തിനിടെ ഇരുനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ബച്ചന്, നാല് ദേശീയ പുരസ്കാരങ്ങളും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരവുമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ സ്വന്തമാക്കി. പദ്മശ്രീയും, പദ്മഭൂഷണും, പദ്മവിഭൂഷണുമായി മൂന്നു തവണ രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മരണത്തെ അതിജീവിക്കുന്നു
സൂര്യനെപ്പോലെ കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു സൂപ്പര്‍താരം, ഷൂട്ടിംഗിനിടെയുണ്ടായ ഒരു അപകടത്തില്‍പെട്ട് മരിച്ചുപോയാലോ? ഇന്ത്യയില്‍ നൂറുകണക്കിന് യുവതീയുവാക്കള്‍ ജീവനൊടുക്കുന്ന ഒരു സംഭവമായി അത് മാറുമായിരുന്നു. 1982 ജൂലൈ 26 ന് ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി കാമ്പസില്‍ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സഹ നടന് പുനീത് ഇസ്സാറുമൊത്തുള്ള ഒരു പോരാട്ട രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് ബച്ചന് പരിക്കേറ്റത്. ആ പുനിയ ഇസാറാണ് പില്ക്കാലത്ത് മഹാഭാരതം സീരിയലില്‍, ദുര്യോധനനായി പ്രശസ്തനായത്. മലയാളത്തില്‍ ലാലേട്ടന്റെ 'യോദ്ധ'യിലും അദ്ദേഹം അഭിനയിച്ചു. അന്ന് ബച്ചന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ജനം തന്നെ തല്ലിക്കൊന്നേനെയെന്ന്, പുനീത് പിന്നീട് പറയുകയുണ്ടായി.
സത്യത്തില്‍ പുനീതിന്റെ ഇടിയേറ്റായിരുന്നില്ല ബച്ചന് പരിക്കേറ്റത്. സംഘട്ടനത്തിനിടെ, അദ്ദേഹത്തിന് ഒരു മേശപ്പുറത്തുനിന്ന് നിലത്തു ചാടേണ്ടതായിരുന്നു. അങ്ങനെ ചോടുമ്പോള്, മേശയുടെ മൂല അദ്ദേഹത്തിന്റെ അടിവയറ്റില്‍ തട്ടി, ഒരു സ്പ്ലെനിക് വിള്ളലിന് കാരണമായി. ഇന്റേണല്‍ ബ്ലീഡിങ്് മൂലം ഗണ്യമായ തോതില്‍ രക്തം നഷ്ടപ്പെട്ട്, ആശുപത്രിയില്‍ എത്തിയപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഒരു വേള ബച്ചന് മരിച്ചുവെന്നുവരെ കിംവദന്തികള്‍ ഇറങ്ങി. നാടായ നാട്ടിലെല്ലാം ക്ഷേത്രങ്ങളില്‍ ആരാധകര്‍ വഴിപാടുകള്‍ കഴിച്ചു. അദ്ദേഹത്തെ രക്ഷിക്കാനായി സ്വയം ബലിയര്പ്പിക്കാനയി ആളുകള്‍ രംഗത്തുവന്നു. ആശുപത്രിക്ക് മുന്നില്‍,ആരാധകരുടെ ബഹളം കാരണം ലാത്തിചാര്‍ജ് വേണ്ടിവന്നു.
വളരെക്കാലത്തെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ച ബച്ചന് ആ വര്‍ഷം അവസാനം സിനിമാ ചിത്രീകരണം പുനരാരംഭിച്ചു. ഈ ചിത്രം 1983- ല്‍ പുറത്തിറങ്ങി. ബച്ചന്റെ അപകടത്തെക്കുറിച്ച് വലിയ പ്രചാരം ലഭിച്ചതിനാല്‍ ഈ ചിത്രം സൂപ്പര്‍ ഹിറ്റായി. സംവിധായകന് മന്മോഹന് ദേശായി, അപകടത്തെത്തുടര്‍ന്ന് കൂലിയുടെ അവസാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ബച്ചന്റെ കഥാപാത്രം ആദ്യം കൊല്ലപ്പെടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. പക്ഷേ അപകടത്തിനുശേഷം ഈ കഥാപാത്രം അവസാനംവരെ ജീവിക്കുന്ന വിധത്തിലായി. യഥാര്‍ത്ഥ ജീവിതത്തില്‍ മരണത്തെ പ്രതിരോധിച്ച മനുഷ്യനെ സ്ക്രീനില്‍ കൊല്ലുന്നത് ഉചിതമല്ലായിരുന്നുവെന്ന് ദേശായി പിന്നീട് പറഞ്ഞു. കൂടാതെ, സിനിമയില്‍ സംഘട്ടന രംഗത്തിന്റെ ഫൂട്ടേജ് നിശ്ചലമാക്കുകയും, നടന്റെ പരിക്കിന്റെ ഭാഗം കാണിച്ചുകൊണ്ട് സ്ക്രീനു താഴെ അടിക്കുറിപ്പ് കൊടുക്കുകയും ചെയ്തു. അങ്ങനെ ആ പടം ബ്ലോക്ക് ബസ്റ്ററായി. പക്ഷേ ബച്ചന്റെ അനാരോഗ്യാവസ്ഥ പിന്നെയും തുടര്‍ന്നു.
രേഖയുമായി പ്രണയവിവാദം
ഇതിനിടെ നടി ജയ ബാധുരിയുമായി ബച്ചന്റെ വിവാഹം കഴിഞ്ഞിരുന്നു. പക്ഷേ അതിന് മുമ്പുതന്നെ അമിതാഭ് പ്രണയ വിവാദത്തില്‍പെട്ടിരുന്നു. ഇന്ത്യന്‍ സിനിമാ ലോകത്ത് മിക്കപ്പോഴും ചര്‍ച്ചയാകുന്നവരാണ് രേഖയും അമിതാഭ് ബച്ചനും. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്ന ഇരുവരെയും കുറിച്ച് ബോളിവുഡില്‍ പ്രചരിച്ച ഗോസിപ്പുകള്‍ ഏറെയാണ്. അമിതാഭ് ബച്ചനുമായി ബന്ധമുണ്ടെന്ന് മുമ്പ് രേഖ സൂചിപ്പിച്ചിട്ടുണ്ട്. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ബച്ചനും രേഖയും ഏറെ വിമര്‍ശിക്കപ്പെട്ടു. അതേസമയം രേഖയുമായി ബന്ധമുണ്ടായിരുന്നെന്ന് അമിതാഭ് ബച്ചന് ഒരിക്കല്‍ പോലും തുറന്ന് സമ്മതിച്ചിട്ടില്ല. ഗോസിപ്പുകള്‍ക്കിടയിലും ജയ ബച്ചനുമായുള്ള തന്റെ കുടുംബ ജീവിതം തകരാതിരിക്കാന്‍ അമിതാഭ് ബച്ചന് ശ്രദ്ധിച്ചു.
ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ജയ ബച്ചനും രേഖയും. അന്ന് ജയ അമിതാഭ് ബച്ചനെ വിവാഹം ചെയ്തിട്ടില്ല. കരിയറിലെ താരത്തിളക്കത്തില്‍ ജയ അറിയപ്പെടുന്ന കാലം. രേഖ അന്ന് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നതേയുള്ളൂ. ആദ്യത്തെ കുറച്ച് സിനിമകള്‍ വിജയിച്ചതോടെ രേഖ ജുഹു ബീച്ച് അപ്പാര്‍ട്മെന്റില്‍ ഫ്ലാറ്റ് വാങ്ങി. അതേ അപാര്ട്മെന്റിലാണ് ജയ അന്ന് താമസിച്ചത്. അന്ന് അറിയപ്പെടുന്ന നടിയാണ് ജയ ബാധുരി.
ജയയുമായി വളരെ പെട്ടെന്ന് രേഖ സൗഹൃദത്തിലായി. ദീദിബായ് എന്നാണ് ജയയെ അന്ന് രേഖ വിളിച്ചിരുന്നത്. ഇടയ്ക്കിടെ ജയയെ കാണാന്‍ രേഖ നടിയുടെ ഫ്ലാറ്റില്‍ പോകും. കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ജയ രേഖയ്ക്ക് ഉപദേശങ്ങള്‍ നല്‍കും. ജയ അന്ന് അമിതാഭ് ബച്ചനുമായി പ്രണയത്തിലാണ്. ബച്ചനെ ആദ്യമായി രേഖ കാണുന്നത് ജയയുടെ ഫ്ലാറ്റില്‍ വെച്ചാണ്. അന്ന് അമിതാഭ് ബച്ചന് താരമായിട്ടില്ല. കരിയറില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ.പിന്നീട് മൂവര്‍ക്കുമിടയില്‍ നടന്നതെല്ലാം നാടകീയ സംഭവങ്ങളാണ്. അമിതാഭ് ബച്ചന് താരമായി വളര്‍ന്നു. രേഖയ്ക്കും ജനപ്രീതി കൂടി. അപ്പോഴേക്കും ജയ ബച്ചന് അമിതാഭിനെ വിവാഹം ചെയ്തു. രേഖയ്ക്ക് ബച്ചനോടുള്ള അടുപ്പം സിനിമാ ലോകത്ത് വലിയ തോതില്‍ ചര്‍ച്ചയായി. എന്നാല്‍ ഇതൊന്നും ജയ ബച്ചന്റെ വിവാഹ ജീവിതത്തെ ബാധിച്ചില്ല.
എന്നാല്‍ രേഖയ്ക്ക് പല ഘട്ടങ്ങള്‍ ജീവിതത്തില്‍ കാണേണ്ടി വന്നു. ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്റെ മരണം, പ്രണയതകര്‍ച്ചകള്‍ തുടങ്ങി പല ഘട്ടങ്ങള്‍ ഇക്കാലയളവിനിടെ രേഖ കണ്ടു. ഒരു കാലത്ത് തന്റെ പ്രണയങ്ങളെക്കുറിച്ചും ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കാന്‍ രേഖ മടിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഭിമുഖങ്ങളില്‍ നിന്നും താരം മാറി നില്‍ക്കാറാണ് പതിവ്. പക്ഷേ അമിതാഭ് ബച്ചന്റെ കുടുംബ ജീവിതം ഇപ്പോഴും നന്നായി പോവുന്നു. മകന് അഭിഷേക് ബച്ചനും മികച്ച നടനായി പേരെടുത്തു. ഐശര്യറായ് മരുമകളായി എത്തി. മകള്‍ ശ്വേത ബച്ചന് നന്ദയും എഴുത്തുകാരിയും, മോഡലും, ആക്റ്റീവിസ്റ്റുമായി പേരെടുത്തു.
രാഷ്ട്രീയത്തില്‍ കൈപൊള്ളുന്നു
കരിയറില്‍ ഇടര്‍ച്ചവന്ന കാലവുമുണ്ട് ബച്ചന്. അത് ആദ്യം വരുന്നത് കൂലി സിനിമയിലെ പരിക്കിനുശേഷം വന്ന അപകടത്തിന്റെ രൂപത്തിലാണ്. അദ്ദേഹത്തിന് മയസ്തീനിയ ഗ്രാവിസ് എന്ന രോഗം കണ്ടെത്തി. അസുഖം അദ്ദേഹത്തെ മാനസികമായും ശാരീരികമായും ദുര്‍ബലനാക്കുകയും സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലെത്തിക്കുകയും ചെയ്തു. അന്ന് രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധമായിരുന്നു അമിതാബിന്. അത് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ എത്തിച്ചു. 1984 മുതല്‍ 1987 വരെയുള്ള കാലഘട്ടത്തിലെ മൂന്നുവര്‍ഷക്കാലം അദ്ദേഹം സിനിമ ചെയ്യാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനായി മാറ്റിവെച്ചു.
1984-ല്‍ ബച്ചന് അലഹാബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന എച്ച്. എന്‍. ബഹുഗുണയെ പൊതുതെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിനുകളിലൊന്ന് നേടി (68.2% വോട്ട്) അദ്ദേഹം പരാജയപ്പെടുത്തിയത്. പക്ഷേ ബച്ചന് പറ്റിയതായിരുന്നില്ല രാഷ്ട്രീയം. രാഷ്ട്രീയത്തെ 'ചെളിക്കുണ്ട്' എന്ന് വിളിച്ച് മൂന്നു വര്‍ഷത്തിനുശേഷം അദ്ദേഹം രാജിവച്ചു. 'ബോഫോഴ്സ് കുംഭകോണത്തില്‍' ബച്ചനും സഹോദരനും പങ്കുണ്ടെന്ന രീതിയില്‍ ഒരു പത്രം ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് രാജിവച്ചത്. ഇതു കോടതിയില്‍ തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. അന്വേഷണത്തെ തുടര്‍ന്ന് കോടതി ബച്ചന് കുറ്റക്കാരനല്ലെന്ന് ഒടുവില്‍ കണ്ടെത്തി. ബച്ചനെയും സഹോദരനെയും, കള്ളക്കേസില്‍ കുടുക്കുന്നതിനായി കെട്ടിച്ചമച്ചതായിരുന്നു ഇതെന്ന് സ്വീഡിഷ് പോലീസ് മേധാവി സ്റ്റെന്‍ ലിന്‍ഡ്സ്ട്രോം വ്യക്തമാക്കിയിരുന്നു.
അപ്പോഴേക്കും രാഷ്ട്രീയം അദ്ദേഹത്തിന് മടുത്തിരുന്നു. പിന്നീട് ബച്ചന് കോണ്‍ഗ്രസിനോട് തെറ്റി. തന്റെ കമ്പനിയായ എബിസിഎല്ലിന്റെ പരാജയം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍, പഴയ സുഹൃത്തായ അമര്‍ സിംഗ് അദ്ദേഹത്തെ സഹായിച്ചിരുന്നു. അതിനുശേഷം അമര്‍ സിംഗ് പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയെ ബച്ചന് പിന്തുണയ്ക്കാന്‍ തുടങ്ങി. ജയ ബച്ചന് സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയും രാജ്യസഭയില്‍ എംപിയായി. ഇപ്പോഴും അവര്‍ സമാജ്വാദി പാര്ട്ടിക്കൊപ്പാമാണ്. ഇപ്പോള്‍ ബച്ചന് താന്‍ രാഷ്ട്രീയമായി ന്യൂട്രല്‍ ആണെന്നാണ് പറയുന്നത്. എന്നാലും മോദിയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഇടക്കാലത്ത് ചര്‍ച്ചായായിരുന്നു.
മൂന്നുവര്‍ഷക്കാലത്തെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം, 1988- ല്‍ ബച്ചന് സിനിമകളിലേക്ക് മടങ്ങിയെത്തി. ഷഹെന്‍ഷ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിക്കുകയും അത് വന്‍ വിജയയമായി. പക്ഷേ അതിനുശേഷം പുറത്തിറങ്ങിയ ജാദൂഗര്‍, തൂഫാന്, മേം ആസാദ് ഹൂം തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ അമ്പേ പരാജയപ്പെട്ടു. അതിനിടെ ആജ് കാ അര്ജുന് (1990), ഹം (1991) തുടങ്ങിയ ശരാശരി വിജയ ചിത്രങ്ങളുമുണ്ടായി. 1990-ല്‍ അഗ്നിപഥില്‍ അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ബച്ചന് വന്‍ തിരിച്ചുവരവ് നടത്തി. ഇതിലെ അഭിനയത്തിന് ബച്ചന് മികച്ച നടനുള്ള തന്റെ ആദ്യ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. 1992- ല്‍ നിരൂപക പ്രശംസ നേടിയ ഖുദാ ഗവാ എന്ന ഇതിഹാസ ചിത്രം പുരത്തിറങ്ങിയതിനുശേഷം ബച്ചന് സിനിമാരംഗത്തുനിന്ന് അഞ്ച് വര്‍ഷത്തേക്ക് വിരമിക്കല്‍ നടത്തി. ബോക്സോഫീസ് പരാജയമായ ഇന്‍സാനിയത്ത് (1994) വൈകി റിലീസ് ചെയ്തതൊഴിച്ചാല്‍, അടുത്ത അഞ്ചുവര്‍ഷക്കാലം ബച്ചന് പുതിയ റിലീസുകളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല.
ബിസിനസില്‍ ഇറങ്ങി പാപ്പാരാവുന്നു
ബച്ചന് വൃത്തിക്ക് അറിയാവുന്ന ഏക തൊഴില്‍ സത്യത്തില്‍ അഭിനയം മാത്രമായിരുന്നു. അത് വിട്ട് മറ്റ് മേഖലകളിലേക്ക് പോയപ്പോഴോക്കെ അദ്ദേഹത്തിന് തിരിച്ചടിയാണ് കിട്ടിയത്. രാഷ്ട്രീയത്തിലെന്നപോലെ ബിഗ് ബിയ്ക്ക് ബിസിനസിലും കൈ നന്നായി പൊള്ളി.
അമിതാഭ് ബച്ചന് കോര്പ്പറേഷന് ലിമിറ്റഡ് (എ.ബി.സി.എല്‍) എന്ന നിര്‍മാണ കമ്പനി തുടങ്ങിയതാണ് ബച്ചനെ വന്‍ ബാധ്യതയിലാക്കിയത്. ചലച്ചിത്ര നിര്‍മ്മാണം, വിതരണം, ഓഡിയോ കാസറ്റുകള്‍, വീഡിയോ ഡിസ്കുകള്‍, ടെലിവിഷന്‍ സോഫ്റ്റ്വെയറിന്റെ നിര്‍മ്മാണവും വിപണനവും, സെലിബ്രിറ്റി, ഇവന്റ് മാനേജുമെന്റ് എന്നിവയായിരുന്നു എബിസിഎല്ലിന്റെ മുഖ്യമായ പ്രവര്‍ത്തനങ്ങള്‍. 1996- ല്‍ കമ്പനി ആരംഭിച്ചയുടനെ, ആദ്യമായി നിര്‍മ്മിച്ച ചിത്രം തെരേ മേരെ സപ്നെ വന്‍ വിജയമായിരുന്നു. പക്ഷേ തുടര്‍ന്ന് നിര്‍മ്മിച്ച ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തകര്‍ന്നുവീണു.
1996- ല്‍ ബാംഗ്ലൂരില്‍ സംഘടിപ്പിക്കപ്പെട്ട മിസ്സ് വേള്‍ഡ് സൗന്ദര്യമത്സരത്തിന്റെ പ്രധാന സ്പോണ്‍സറായിരുന്നു എബിസിഎല്‍. പക്ഷേ കോടികളുടെ നഷ്ടമാണ് അതുണ്ടാക്കിയത്. 1997- ല്‍ കമ്പനി തകര്‍ച്ചയിലായി. ബാങ്കുകളുമായി കേസായി. കാനറ ബാങ്കിന്റെ വായ്പ വീണ്ടെടുക്കല്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് വരെ ബോംബെ ഹൈക്കോടതി, ബച്ചന്റെ ബോംബെയിലെ ബംഗ്ലാവും മറ്റു രണ്ട് ഫ്ളാറ്റുകളും വില്‍ക്കുന്നത് തടഞ്ഞു. തന്റെ കമ്പനിക്ക് ധനസമാഹരണത്തിനായി ബച്ചന് ബംഗ്ലാവ് പണയം വെച്ചിരുന്നു. അങ്ങനെ വീടുവരെ ജപ്തിയാവുന്ന, ശരിക്കും പാപ്പരായ സൂപ്പര്‍ താരമായി ബച്ചന് മാറി. 1997- ല്‍ എ ബി സി എല്‍ നിര്‍മ്മിച്ച മൃത്യുദാദ എന്ന ചിത്രത്തിലൂടെ ബച്ചന് അഭിനയരംഗത്തേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തി. ആക്ഷന്‍ ഹീറോ എന്ന നിലയിലുള്ള ബച്ചന്റെ മുന്‍ വിജയങ്ങളെ ആവര്‍ത്തിക്കാന്‍ മൃത്യുദാത എന്ന ചിത്രത്തിലൂടെ ശ്രമിച്ചുവെങ്കിലും സാമ്പത്തികമായും കലാപരമായും ചിത്രം പരാജയപ്പെട്ടു.
കോടിപതിയിലുടെ തിരിച്ചുവരവ്
അങ്ങനെ കോടികളുടെ കടങ്ങള്‍ വീട്ടാന്‍ ബച്ചന് വീണ്ടും സിനിമയിലേക്ക് ഇറങ്ങി. 2000- ല്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്ത, മൊഹബ്ബത്തേന്‍ എന്ന ഹിറ്റ് ചിത്രത്തില്‍ അമിതാഭ് ബച്ചന് പ്രത്യക്ഷപ്പെട്ടു. ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന് എതിരാളിയായി, പ്രായമുള്ള കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു. ആദ്യമായാണ് ഈ രീതിയിലുള്ള ഒരു കഥാപാത്രം ബച്ചന് ചെയ്യുന്നത്. അത് അദ്ദേഹത്തിന് മികച്ച സഹനടനുള്ള മൂന്നാമത്തെ ഫിലിംഫെയര്‍ അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കി.
ഏക് രിഷ്താ: ദി ബോണ്ട് ഓഫ് ലവ് (2001), കഭി ഖുഷി കഭി ഗം (2001), ബാഗ്ബാന്‍ (2003) എന്നിവയില്‍ ബച്ചന് കുടുംബ കാരണവരായി ബച്ചന് പ്രത്യക്ഷപ്പെട്ടു. ഒരു നടനെന്ന നിലയില്‍ ആക്സ് (2001), ആംഖേന്‍ (2002), കാന്തേ (2002), ഖാഖി (2004), ദേവ് (2004) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടി. ആക്സിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിട്ടിക്സ് അവാര്‍ഡ് നേടിയിരുന്നു.
സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് (2005) ആയിരുന്നു ബച്ചനെ അദ്ദേഹത്തിന്റെ തിരിച്ചുവരിവില്‍ ഏറെ സഹായിച്ച സിനിമ. ബധിരയും അന്ധയുമായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന വൃദ്ധനായ അധ്യാപകനായി ബച്ചന് ഈ ചിത്രത്തില്‍ അഭിനയിച്ചു. ഇതിലൂടെ മികച്ച നടനുള്ള രണ്ടാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം നേടി. ശരിക്കും ബിഗ് ബിയുടെ ഗ്രേറ്റ് കം ബാക്കായിരുന്നു അത്. ഈ പുനരുജ്ജീവനം മുതലെടുത്ത അമിതാഭ് വീണ്ടും പരസ്യങ്ങളിലെ അടക്കം താരമായി. പിന്നീട് അങ്ങോട്ട് അദ്ദേഹം തിരിഞ്ഞുനോക്കിയിട്ടില്ല. ഇന്നും തലനരച്ച വേഷങ്ങളിലൂടെ അദ്ദേഹം കോടികള്‍ വാങ്ങുന്നു.
പക്ഷേ ബച്ചന്റെ യാഥാര്‍ത്ഥ തിരിച്ചുവരവിന് ഇടയാക്കിയത് 'കോന്‍ ബനേംഗാം ക്രോര്‍ പതി' (കെബിസി) എന്ന ടെലിവിഷന്‍ ക്വിസ് ഷോയാണ്. ബ്രിട്ടീഷ് ടെലിവിഷന്‍ ഗെയിം ഷോയായ 'ഹു വാണ്ട്സ് ടു ബി എ മില്യണയര്‍' ഷോയുടെ ഇന്ത്യന്‍ പതിപ്പായ, ക്രോര്‍പതിയുടെ ആദ്യ സീസണില്‍ ബച്ചന് ആതിഥേയത്വം വഹിച്ചു. ഇത്് ഗ്രാമങ്ങളില്‍ പോലും വന്‍ തരംഗമായി. ( ഇതിന്റെ മലയാളം പതിപ്പാണ് സുരേഷ് ഗോപി, ഏഷ്യാനെറ്റില്‍ ചെയ്ത 'നിങ്ങള്‍ക്കുമാവാം കോടീശ്വരന്' എന്ന പരിപാടി) 2005- ല്‍ ഇതിന്റെ രണ്ടാമത്തെ സീസണ് നടന്നെങ്കിലും 2006 ല്‍ ബച്ചന് രോഗബാധിതനായപ്പോള്‍ സ്റ്റാര്‍ പ്ലസ് ഷോ ഹ്രസ്വമാക്കി. 2009- ല്‍ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ മൂന്നാം സീസണ് ബച്ചന് ആതിഥേയത്വം വഹിച്ചു.
2010 -ല്‍ കെബിസിയുടെ നാലാം സീസണിലും ബച്ചന് ആതിഥേനായി. അഞ്ചാം സീസണ് 2011 ഓഗസ്റ്റ് 15 ന് ആരംഭിച്ച് 2011 നവംബര്‍ 17 ന് അവസാനിച്ചു. ഷോ പ്രേക്ഷകരുടെയിടയില്‍ വന്‍ വിജയമായിത്തീരുകയും ടിആര്‍പി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. സിഎന്‍എന്‍- ഐബിഎന്‍ ടീം കെബിസിക്കും ബച്ചനും 'ഇന്ത്യന്‍ ഓഫ് ദ ഇയര്‍ എന്റര്‍ടൈന്‍മെന്റ്' നല്കി. ഇതിന്റെ വിഭാഗത്തിലെ എല്ലാ പ്രധാന അവാര്‍ഡുകളും ഷോ നേടിയെടുത്തു. ബച്ചന് 2017 വരെ കെബിസിയുടെ ആതിഥേയത്വം തുടര്‍ന്നിരുന്നു.
ഇന്ത്യന്‍ ടെലിവിഷനിലൂടെ സിനിമയെ വെല്ലുന്ന ജനപ്രീതിലാണ് ബച്ചന് നേടിയെടുത്തത്. അദ്ദേഹത്തിന്റെ കാരിരുമ്പ് മൂര്‍ച്ചയുള്ള ശബ്ദം ഇന്ത്യമുഴുവന്‍ ജനപ്രിയമായി. മിമിക്രി താരങ്ങള്‍ അടക്കമുള്ളവര്‍ അത് അനുകരിച്ചു. കോടികളുടെ വരുമാനവും ബച്ചന് എന്ന ബ്രാന്‍ഡിന്റെ പുനരുജ്ജീവനം നടത്തുന്നതിനും ഈ ഷോ വലിയ പങ്കുവഹിച്ചു. ബച്ചന്‍യുഗം അസ്തമിച്ചു എന്ന കരുതിയിടത്തുനിന്ന് ബച്ചന് തിരിച്ചുവന്ന് ബിഗ് ബിയായി തിളങ്ങി. ബ്ലാക്ക്, സര്‍ക്കാര്‍, ചീനി കം, സത്യാഗ്രഹ, പികു, പിങ്ക് എന്നീ ഹിറ്റുകളുമായി 2000 ത്തിന് ശേഷവും ബച്ചന് തിരശീലയില്‍ നിത്യവിസ്മയം തീര്‍ക്കുകയാണ്. ഇപ്പോഴിയാ അത് കല്‍ക്കിയില്‍ എത്തി നില്ക്കുന്നു.
വാല്‍ക്ക്ഷണം: നേരത്തേ നടന് രണ്‍ബീര്‍ സിങ് അമിതാഭ് ബച്ചനെ അഭിമുഖം ചെയ്തപ്പോള്‍ ഒരു ചോദ്യം ഉന്നയിച്ചു 'താങ്കള്‍ വലിയ ഹീറോ ആയതായി ബോധ്യം വന്നത് എപ്പോഴാണ്?'. ബച്ചന്റെ മറുപടി ഇങ്ങനെ- 'തുടക്കത്തില്‍ സംഘട്ടനരംഗങ്ങളില്‍ രണ്ടുമൂന്നു പേരുമായാണ് ഞാന്‍ ഏറ്റുമുട്ടിയിരുന്നത്. പെട്ടെന്നൊരു ദിവസം അതാ ഏറ്റുമുട്ടാന്‍ എന്റെ ചുറ്റിനും അഞ്ചെട്ടു തടിയന്മാര്. അന്നു മനസ്സിലായി ഹീറോ വലുതായെന്ന്'. ഇത്രയും പേരുമായി ഏറ്റുമുട്ടി ജയിക്കുന്നതില്‍ വിശ്വസനീയത ഉണ്ടാവുമോ എന്നു ബച്ചന് ചോദിച്ചപ്പോള്‍ സംവിധായകന് മന്മോഹന് ദേശായി പറഞ്ഞു 'നീ ഇപ്പോള്‍ വലിയ ഹീറോ ആയിക്കഴിഞ്ഞു. അതുകൊണ്ട് എത്ര പേരോട് ഏറ്റുമുട്ടിയാലും പ്രേക്ഷകര്‍ സ്വീകരിച്ചോളും.' ഇപ്പോള്‍ ഈ 81-ാം വയസ്സില്‍ ബാഹുബലി പ്രഭാസിനെ അടിച്ചിടുന്ന ബച്ചന്റെ കല്‍ക്കിയിലെ കഥാപാത്രത്തില്‍, ലോജിക്കും പൊളിറ്റിക്കല്‍ കറക്ടനസ്സും നോക്കുന്നവര്‍ക്കും ഇതേ മറുപടിയാണ്. ഇത് ബച്ചനാണ. അയാള്‍ ഇന്ത്യന്‍ സിനിമയ്ക്കും മുകളിലാണ്!