കൊല്ലം: സിപിഎമ്മിന് ഇപ്പോള്‍ നല്ല കാലമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ, കുടത്തിലെ ഭൂതങ്ങളെല്ലാം പുറത്തുചാടുകയാണ്. കോഴിക്കോട്ടെ കോഴ ആരോപണം പുറത്തുവന്നത് വിഭാഗീയതയുടെ ഫലമായാണെങ്കില്‍ കൊല്ലത്തെ സിപിഎമ്മിലും ഉണ്ടായി സമാന സംഭവം. സിപിഎം സംസ്ഥാന സമിതിയംഗമായ കൊല്ലം സ്വദേശിയായ യുവ വനിതാ നേതാവിനും രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും കൊല്ലം തങ്കശേരിയിലെ ആഡംബര ഹോട്ടലില്‍ ബിസിനസ് പങ്കാളിത്തമെന്ന ആരോപണം പുറത്തുവന്നതും വിഭാഗീയതയുടെ ഫലമായാണ്. വനിതാ നേതാവിന്റെ ബിസിനസ് പങ്കാളിത്തത്തെ കുറിച്ചുള്ള വാര്‍ത്ത ജന്മഭൂമി പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തങ്കശേരി ബ്രേക്ക് വാട്ടര്‍ ടൂറിസം പദ്ധതിക്ക് സമീപമാണ് ആഡംബര ഹോട്ടല്‍. മറ്റൊരാളുടെ പേരിലുള്ള ഹോട്ടല്‍ നടത്തുന്നത് വനിതാ നേതാവും, രണ്ടു ഡിവൈഎഫ്‌ഐ നേതാക്കളും കൂടിയാണെന്നാണ് ആരോപണം. സംഗതി പുറത്തുവന്നത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയിലെ വിഭായീയതയുടെ കളിയാണെന്നാണ് റിപ്പോര്‍ട്ട്.

ലളിത ജീവിതം നയിച്ച് മാതൃക കാട്ടണമെന്ന പാര്‍ട്ടി നിര്‍ദ്ദേശമൊക്കെ നേതാക്കള്‍ കാറ്റില്‍ പറത്തുന്നത് പുറത്തുവിടുമെന്ന് ഡിവൈഎഫ്‌ഐയുടെ ഒരു ഏരിയ കമ്മിറ്റി നേതാവ് ഭീഷണിപ്പെടുത്തിയതോടെ, അയ്യോ, അരുതേ എന്നപേക്ഷിച്ച് ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അറിയുന്നു. വിവരം അറിഞ്ഞ് ഒരു പിബി അംഗവും വിഷയത്തില്‍ ഇടപെട്ടതായി സൂചനയുണ്ട്.

വനിതാ നേതാവിന്റെ ഡ്രൈവറായി ഒപ്പം പോയിരുന്ന ഡിവൈഎഫ്‌ഐ നേതാവാണ് വിഭാഗീയതയുടെ ഭാഗമായി വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കുന്നത്. അതുകൊണ്ട് തന്നെ ഇയാളെ അനുനയിപ്പിച്ച് പ്രശ്‌നം നാട്ടുകാര്‍ അറിയാതിരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം തുടരുകയാണ്. വനിതാ നേതാവിന്റെ ബിസിനസ് പങ്കാളിയായ ഡിവൈഎഫ്‌ഐ ജില്ലാ നേതാവിന്റെ വിശ്വസ്തനും ഇപ്പോള്‍ കാലുമാറി ശത്രുപക്ഷത്തായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലത്ത് ഡിവൈഎഫ്‌ഐയില്‍ ഉടലെടുത്ത ശക്തമായ വിഭാഗീയതയാണ് ഇപ്പോള്‍ പാര്‍ട്ടിയെ നാണക്കേടിലാക്കുന്ന ആരോപണങ്ങളിലേക്ക് നയിച്ചത്.

കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിമാരില്‍ ഒരാളുമായ പ്രമോദ് കോട്ടുളി കോഴയാരോപണത്തില്‍ കുടുങ്ങിയപ്പോഴും പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നിരുന്നു. കോഴയായി വാങ്ങിയ 22 ലക്ഷം തിരിച്ചുകൊടുത്ത് തടിയൂരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് വിഷയം പുറത്തുവന്നത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് വിവരം പുറത്തുവരാന്‍ കാരണമെന്നാണ് സൂചന. കൊല്ലത്ത് മുമ്പ് നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള വനിതാ നേതാവിന് എതിരായ നീക്കം ഡിവൈഎഫ്‌ഐയിലെ വിഭാഗീയത മൂലമെന്ന വ്യത്യാസം മാത്രം.

സഖാക്കള്‍ക്കു പണത്തോട് ആര്‍ത്തി കൂടുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണു പലരും പാര്‍ട്ടിയിലേക്കു വരുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണു രൂക്ഷവിമര്‍ശനം നടത്തിയത്. സ്വയം വിമര്‍ശനത്തിനും തിരുത്തലിനും പാര്‍ട്ടി ഒരുങ്ങുന്നതിനിടെ, തന്നെയാണ് സഖാക്കള്‍ക്കെതിരെ കോഴയാരോപണവും, ആബംഡര ഹോട്ടല്‍ ബിസിനസ് പങ്കാളിത്തവും ഒക്കെ ഉയര്‍ന്നുവരുന്നത്.