ചാലക്കുടി: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പറയുമ്പോഴും വീട്ടുകാരെയും നാട്ടുകാരെയും വിഷമത്തിലാക്കി ചിലര്‍ ജീവിതത്തോട് വിടപറയുകയാണ്. കൊരട്ടിയില്‍ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ ലോഡ്ജില്‍ വിഷം കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വര്‍ഗീസിന്റെയും എല്‍സിയുടേയും മകന്‍ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. വെസ്റ്റ് കൊരട്ടി കിലുക്കന്‍ ജോയിയുടെ മകളാണ് ജിസു.

ദമ്പതികളെ വേളാങ്കണ്ണി പത്തു ദിവസം മുന്‍പാണ് തിരുമുടിക്കുന്നിലെ വീട്ടില്‍ നിന്നു കാണാതായത്. ആന്റോയാണ് ഇന്നലെ ആദ്യം വിഷം കുത്തിവച്ചത്. ഗുരുതരാവസ്ഥയില്‍ ആന്റോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാട്ടില്‍നിന്ന് ബന്ധുക്കളുമെത്തി. ആന്റോ രാത്രി മരിച്ചതോടെ വലിയ നടുക്കത്തിലായിരുന്നു ജിസു. നാഗപട്ടണം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്ന് ജിസുവിനെ കാണാതായതോടെ പൊലീസും ബന്ധുക്കളും ആശുപത്രി പരിസരത്ത് തിരച്ചില്‍ നടത്തി. പിന്നീട് താമസിക്കുന്ന ലോഡ്ജിലെത്തിയപ്പോള്‍ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ വിഷം കുത്തിവച്ച് അബോധാവസ്ഥയിലായിരുന്നു ജിസു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ 22ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടില്‍നിന്ന് കാണാതായത്. വേളാങ്കണ്ണിയില്‍ എത്തിയശേഷം അവിടെ എന്തോ ജോലിയില്‍ പ്രവേശിച്ചതായും പറയപ്പെടുന്നു.

രണ്ടു പേരുടേയും മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം നാഗപട്ടണം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം വ്യാഴാഴ്ച തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തില്‍.

അലട്ടിയത് സാമ്പത്തിക ബാധ്യത

ദമ്പതികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട്ടിലായിരുന്നു ഇവരുടെ താമസം. വീടു വിറ്റ് തന്റെ കടങ്ങള്‍ വീട്ടണമെന്ന് ചൊവ്വാഴ്ച സഹോദരിക്ക് ആന്റോ ശബ്ദ സന്ദേശം അയച്ചിരുന്നു.

മൂന്നു വര്‍ഷമായി ഇവര്‍ മുടപ്പുഴയില്‍ താമസമാക്കിയിട്ട്. കുറച്ചു മാസങ്ങളായി ആന്റോയും ജിസുവും അടുത്തുള്ള വീട്ടുകാരുമായി അധികം സംസാരിക്കാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. ജാതിക്ക കച്ചവടക്കാരനായിരുന്നു ആന്റോ. നിരവധി ഫിനാന്‍സ് കമ്പനികളില്‍ നിന്നും വ്യക്തിഗത വായ്പ എടുത്തിരുന്നു. ലോണെടുത്ത് ഗൃഹോപകരണങ്ങളും മൊബൈല്‍ ഫോണും വാങ്ങിയിരുന്നു. അടവു മുടങ്ങിയപ്പോള്‍ കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ദവും ജീവിതം അവസാനിപ്പിക്കുവാന്‍ കാരണമായെന്നാണ് സൂചന.

വിവാഹം കഴിഞ്ഞിട്ട് ഒന്‍പതു വര്‍ഷമായിട്ടും ഇവര്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അതിലുള്ള നിരാശയും സാമ്പത്തിക ബാധ്യതയുമാണ് മരണത്തിന് കാരണമെന്നാണ് അടുത്ത ബന്ധുക്കള്‍ നല്‍കുന്ന വിവരം.