- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യമുക്ത നവകേരളം: റിപ്പബ്ലിക് ദിനത്തില്‍ കൂടുതല്‍ ഹരിതപ്രഖ്യാപനങ്ങള്‍; മന്ത്രിമാരും ജനപ്രതിനിധികളും നിര്‍വഹിക്കും
റിപ്പബ്ലിക് ദിനത്തില്‍ കൂടുതല്‍ ഹരിതപ്രഖ്യാപനങ്ങള്‍;
തിരുവനന്തപുരം: ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള ഹരിത പ്രഖ്യാപനങ്ങള്‍ക്ക് ജനുവരി 26ന് തുടക്കം കുറിക്കും. മന്ത്രിമാരും ജനപ്രതിനിധികളും വിവിധ ജില്ലകളില്‍ പ്രഖ്യാപനങ്ങള്‍ നിര്‍വഹിക്കും. ഹരിത വിദ്യാലയങ്ങള്‍, ഹരിത മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍, ഹരിത കലാലയം തുടങ്ങി ജനുവരി 31 വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും കൂടുതല്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും ഹരിത പദവി പ്രഖ്യാപനങ്ങളും നടക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശ്രദ്ധേയമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ സ്ഥാപനങ്ങള്‍ ഹരിത പദവിയിലേയ്‌ക്കെത്തിയത്.
പാലക്കാട് ജില്ലയില്‍ ഷൊര്‍ണ്ണൂര്‍ നഗരസഭ മാലിന്യമുക്ത നഗരസഭയായുള്ള പ്രഖ്യാപനവും മാലിന്യ സംസ്‌കരണ പഠനകേന്ദ്രവും എംസിഎഫ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനവും ജനുവരി 26ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കും. പാലക്കാട് ആലത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയം ഹരിത അയല്‍ക്കൂട്ടം പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റും വിതരണവും ജനുവരി 26ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.
ജനുവരി 27ന് മലപ്പുറം ജില്ലയില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ ഹരിത പ്രഖ്യാപനങ്ങള്‍ നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലയില്‍ ധര്‍മ്മടം മണ്ഡലത്തിലെ ഹരിത ടൂറിസം പ്രഖ്യാപനം - ചെറുമാവിലായി പാറപ്രം റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ രാജ്യസഭാ എം പി ഡോ. വി ശിവദാസന്‍ നിര്‍വ്വഹിക്കും. റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂര്‍ മാലൂര്‍ ടൗണ്‍ ഹരിത ടൗണ്‍ ആയി ശൈലജ ടീച്ചര്‍ എംഎല്‍എ പ്രഖ്യാപിക്കും. തിരുവനന്തപുരം ഒറ്റൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം പ്രഖ്യാപനം ജനുവരി 26 ന് അഡ്വ. ഒ എസ് അംബിക നിര്‍വഹിക്കും.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഇടുക്കി ജില്ലാതല പ്രഖ്യാപനവും കോട്ടപ്പാറ ടൂറിസം കേന്ദ്രത്തിലെ വാച്ച് ടവര്‍ നിര്‍മ്മാണ ഉദ്ഘാടനവും എ രാജ എം എല്‍ എ നിര്‍വഹിക്കും. കാസര്‍കോട് കാഞ്ഞങ്ങാട് ബ്ലോക്കിലെ പള്ളിക്കര ഗ്രാമപഞ്ചായത്തുതലം ഹരിത അയല്‍ക്കൂട്ടം പ്രഖ്യാപനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ജനുവരി 27 ന് നിര്‍വഹിക്കും. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭ പച്ചത്തുരുത്ത് ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിക്കും.
കോഴിക്കോട് ജില്ല കുറ്റ്യാടി പഞ്ചായത്തുതല പ്രഖ്യാപനം കെ പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ നിര്‍വഹിക്കും. ആലപ്പുഴ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് യൂത്ത് മീറ്റ്ല്‍ വെച്ച് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഹരിത പ്രഖ്യാപനം നിര്‍വഹിക്കും.കൊല്ലം ജില്ലയില്‍ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവിധ ഹരിതപ്രഖ്യാപനങ്ങള്‍ നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ നിര്‍വഹിക്കും.
ജനുവരി 26 ന് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 2,87,654 അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളായും, 49,988 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും, 1,884 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിക്കും. 14,001 വിദ്യാലയങ്ങളാണ് പുതുതായി ഹരിത വിദ്യാലയ പദവിയിലെത്തുന്നത്. 2,445 പൊതുസ്ഥലങ്ങളെയും 1340 കലാലയങ്ങളെയും ജനുവരി 26 ന് ഹരിതമായി പ്രഖ്യാപിക്കും. 169 വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാകുന്നത്.
2024 ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം മുതല്‍ 2025 മാര്‍ച്ച് 30 വരെ (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെയാണ് ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീന്‍ കേരള കമ്പനി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കില എന്നിവ സംയുക്തമായാണ് ക്യാമ്പയിന്റെ ഏകോപനം നിര്‍വഹിക്കുന്നത്.




