- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ടിയെ മറക്കാന്‍ കഴിയില്ല; കാലിടറി നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, തോന്നിയത് മകനെന്ന്; കോഴിക്കോട്ടെ 'സിതാര'യില്‍ എത്തി വിട പറഞ്ഞ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മമ്മൂട്ടി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടക്കം
എംടിയുടെ വീട്ടിലെത്തി മമ്മൂട്ടി
കോഴിക്കോട്: നടന് മമ്മൂട്ടി എം ടി വാസുദേവന്‍ നായരുടെ നടക്കാവിലെ വീടായ 'സിത്താര'യില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നടന് പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. എം.ടി മരിച്ച സമയത്ത് അസര്‍ബൈജാനില്‍ സിനിമ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. യാത്രാപ്രശ്നം നേരിട്ടതിനാല്‍ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മടങ്ങിയെത്തിയപ്പോഴാണ് മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തിയത്. എം.ടിയെ മറക്കാന്‍ കഴിയില്ലെന്നും അത് കൊണ്ടാണ് വീട്ടിലേക്ക് വന്നതെന്നും നടന് പറഞ്ഞു.
എം.ടിയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ നിരവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന് നല്കിയ നടനാണ് മമ്മൂട്ടി. അവസാന ദിവസങ്ങളിലടക്കം മമ്മൂട്ടിയും എം.ടിയും തമ്മിലുള്ള ബന്ധം പൊതുവേദികളിലടക്കം പ്രകടമായിരുന്നു.
എം.ടിയുടെ മരണ സമയത്ത് മമ്മൂട്ടി സാമൂഹിക മാധ്യമത്തില്‍ കുറിച്ച വികാരനിര്‍ഭരമായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ടിയുടെ ഹൃദയത്തില്‍ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചിരുന്നു. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയില്‍ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രവും അന്ന് പങ്കുവച്ചിരുന്നു.
ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, അനുബന്ധം, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, ഒരു വടക്കന്‍ വീരഗാഥ, മിഥ്യ, സുകൃതം, കേരളവര്‍മ പഴശ്ശിരാജ തുടങ്ങിയ എണ്ണമറ്റ സിനിമകള്‍. അതില്‍ എം.ടിയുടെ ആത്മാംശമുള്ള സിനിമയാണ് സുകൃതം.
'ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.''-എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.
ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, അനുബന്ധം, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, ഒരു വടക്കന്‍ വീരഗാഥ, മിഥ്യ, സുകൃതം, കേരളവര്‍മ പഴശ്ശിരാജ തുടങ്ങിയ പേരെടുത്ത സിനിമകളില്‍ എംടിയും മമ്മൂട്ടിയും ഒന്നിച്ചിരുന്നു.