പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റിലേക്ക് സ്ഥലംമാറ്റം. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. നേരത്തെ കോന്നി തഹസില്‍ദാര്‍ ആയിരുന്നു മഞ്ജുഷ. നിലവില്‍ മഞ്ജുഷ അവധിയില്‍ തുടരുകയാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നല്‍കണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നല്‍കിയത്.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തിലെ കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിജിലന്‍സ് സ്‌പെഷല്‍ സെല്‍. അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ആണ് ആരോപണത്തില്‍ അന്വേഷണം നടത്തിയത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവായ ടിഒ മോഹനനും വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയും കഴിഞ്ഞ ദിവസം വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

അതിനിടെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ ടി വി പ്രശാന്തനും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് ഈ മാസം 10ലേക്ക് വീണ്ടും മാറ്റിയിട്ടുണ്ട്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യ, സാക്ഷികളായ ടിവി പ്രശാന്തന്‍, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ കോള്‍ രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കണം. കണ്ണൂര്‍ കളക്ടറേറ്റ് റെയില്‍വേ സ്റ്റേഷന്‍ പരിസരം, ക്വാട്ടേഴ്‌സ് പരിസരം എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ സംരക്ഷിക്കാനും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ കുടുംബത്തിന്റെ ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്ന് നേരത്തെ തന്നെ കുടുംബം അറിയിച്ചിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീന്‍ ബാബുവിന്റെ ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്നും ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.