കട്ടപ്പന: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ പട്ടികവര്‍ഗത്തിലെ മന്നാന്‍ സമുദായ രാജാവും ഭാര്യയും. ഇടുക്കി കാഞ്ചിയാര്‍ കോഴിമല ആസ്ഥാനമായ രാമന്‍ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡല്‍ഹിക്ക് പോകുന്നത്. പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറി. എ. രാജ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു.

ഇടുക്കിയില്‍ 48 പട്ടിക വര്‍ഗ ഉന്നതികളിലായി 300 ലധികം മന്നാന്‍ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളില്‍ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളില്‍ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. 2 മന്ത്രിമാരും ഭടന്മാരുമെക്കെ സേവകരായുണ്ട്. ബിനു എസ് എന്നതാണ് രാജമന്നാന്റെ യഥാര്‍ത്ഥ പേര്.

ഭാര്യയ്ക്കൊപ്പം നിയമസഭ മന്ദിരത്തിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ച മന്ത്രി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ വ്യോമമാര്‍ഗം ഡല്‍ഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഫെബ്രുവരി 2 ന് രാജാവ് മടങ്ങിയെത്തും.