- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വമേധയാ വന്നാല്‍ നന്ന്; അതല്ലെങ്കില്‍ വാറന്റ് പുറപ്പെടുവിക്കും; കല കൊലപാതക കേസില്‍ ഭര്‍ത്താവ് അനിലിന്റെ ഇസ്രയേലിലെ താമസ സ്ഥലം തിരിച്ചറിഞ്ഞു
ആലപ്പുഴ: 15 വര്‍ഷം മുമ്പ് കാണാതായ മാന്നാര്‍ ഇരവത്തൂരിലെ വീട്ടമ്മ കലയെ വകവരുത്തിയെന്ന കേസില്‍ ഇസ്രയേലിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം ഊര്‍ജ്ജിതമാക്കി. കേസിലെ ഒന്നാംപ്രതിയായ അനില്‍ ഇസ്രയേലിലുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. അനില്‍ കഴിഞ്ഞ മൂന്നുമാസമായി ഇസ്രയേലില്‍ താമസിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. ഇയാളെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അനില്‍ സ്വയം നാട്ടിലെത്തുമെന്നാണ് പൊലീസ് കരുതുന്നത്. അല്ലെങ്കില്‍ തിരച്ചില്‍ വാറന്റും നോട്ടിസും പുറപ്പെടുവിക്കാനാണ് നീക്കം.
പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ചാണ് പൊലീസ് വിവരം സ്ഥിരീകരിച്ചത്. ഇന്റര്‍പോളിന് വിവരങ്ങള്‍ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസില്‍ നാല് പ്രതികളെന്നാണ് കണ്ടെത്തല്‍. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇവര്‍ നാലുപേരും ചേര്‍ന്ന് പതിനഞ്ച് വര്‍ഷം മുന്‍പ് കലയെ കാറില്‍ വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. വലിയപെരുമ്പുഴ പാലത്തില്‍ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിര്‍ണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയല്‍വാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണായകമായത്. ഊമക്കത്തില്‍ നിന്ന് ലഭിച്ച സൂചനകള്‍ പിന്തുടര്‍ന്ന പൊലീസിന് ഏറെ സഹായമായതും സുരേഷ് നല്‍കിയ വിവരങ്ങളാണ്
അറസ്റ്റിലായ സോമരാജന്‍, കെ.സി. പ്രമോദ്, ജിനു ഗോപി എന്നിവരെ ആറുദിവസത്തേക്ക് പൊലീസിന് കസ്റ്റഡിയില്‍ വിട്ടുകിട്ടി. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പെരുമ്പുഴ പാലത്തില്‍ നിന്ന് കലയുടെ മൃതദേഹം ആറ്റിലേക്ക് തള്ളാന്‍ ശ്രമം നടത്തിയിരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവിടെ ആളുകള്‍ വന്നുംപോയുമിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും സെപ്റ്റിക് ടാങ്കില്‍ മറവുചെയ്യാന്‍ തീരുമാനിച്ചെന്നുമാണ് മൊഴി.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറില്‍ പറഞ്ഞിട്ടില്ല.
കസ്റ്റഡിയിലുള്ള മൂന്നു പ്രതികളുടെയും അനിലിന്റെയും വീടിനടുത്തെ ചതുപ്പ് നിറഞ്ഞ പ്രദേശത്തും വ്യാഴാഴ്ച പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ തിരയാന്‍ പൊലീസിനെ സഹായിച്ച തിരുവല്ല സ്വദേശി സോമന്‍ എന്നയാളും പൊലീസിനൊപ്പമുണ്ടായിരുന്നു. ഇവിടെ യന്ത്രസഹായത്തോടെ തിരച്ചില്‍ നടത്തുമെന്നാണ് സൂചന.