- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ടിയുടെ ആരോഗ്യനിലയില്‍ അദ്ഭുതകരമായ പുരോഗതി; കാലൊക്കെ അനക്കുന്നുണ്ട്, പിന്നെ കണ്ണുതുറന്നുനോക്കുന്നുണ്ട്; അധികം വേദനയെടുക്കരുതെന്നും ആഗ്രഹിക്കുന്നുണ്ട്; അദ്ദേഹം തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ്
എം ടിയുടെ ആരോഗ്യനിലയില്‍ അദ്ഭുതകരമായ പുരോഗതി
കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അദ്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്. അദ്ദേഹം കാല്‍ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കുന്നുണ്ട്, തിരിച്ച് വരാന്‍ പ്രാര്‍ഥിക്കാമെന്ന് ജയരാജ് പറഞ്ഞു. ആശുപത്രിയിലെത്തി എംടിയെ കണ്ടശേഷം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജ്
'ഞാനദ്ദേഹത്തെ കയറി കണ്ടു. കുറച്ച് ബെറ്ററായിട്ട് തോന്നുന്നുണ്ട്. കാലൊക്കെ അനക്കുന്നുണ്ട്. പിന്നെ നോക്കുന്നുണ്ട്. കുറച്ചൊക്കെ ഇംപ്രൂവ്മെന്റ് തോന്നുന്നുണ്ട്. നമുക്ക് അദ്ദേഹം തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാം. അതുതന്നെയാണ് പ്രാര്‍ഥിക്കുന്നത്. അധികം വേദനയെടുക്കരുതെന്നും ആഗ്രഹിക്കുന്നുണ്ട്. മെഡിക്കല്‍ ടീമുമായി സംസാരിച്ചിരുന്നു. ഇന്നലത്തേക്കാള്‍ മെച്ചമാണെന്നാണ് പറഞ്ഞത്. അത് ഒരു അത്ഭുതകരമായ പുരോഗതിയായി തോന്നുന്നു. നമുക്ക് പ്രാര്‍ഥനയോടെ പ്രതീക്ഷിക്കാം' - ജയരാജ് പറഞ്ഞു.
എംടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍ രാവിലെ അറിയിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്.
ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.