- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിര്‍ണായക വിവരം ലഭിച്ചപ്പോള്‍ ശരിവെക്കുന്നത് നാഗേഷ് ഗൗഡയുടെ വെളിപ്പെടുത്തല്‍; ലോറി പുഴയിലേക്കു നീങ്ങിയെന്ന് ദൃക്സാക്ഷി പറഞ്ഞത് രണ്ട് ദിനം മുമ്പ്
ഷിരൂര്‍: ഷിരൂര്‍ അപകടത്തെ കുറിച്ച് പലവിധത്തിലുള്ള അഭിപ്രായങ്ങളായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നത്. ലോറി മണ്ണിനടിയിലാണ് എന്ന നിഗമനത്തിലായിരുന്നു ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍, പിന്നീട് ഇതില്ലെന്ന് സേന സ്ഥിരീകരിച്ചപ്പോഴും സൈന്യത്തിന് തെറ്റിയെന്ന വിധത്തില്‍ നിഗമനങ്ങളെത്തി. ഒടുവില്‍ പുഴയ്ക്കുള്ളില്‍ ലോറി മുങ്ങിത്താണു എന്ന് കണ്ടെത്തിയതോടെ ശരിയാകുന്നത് നാഗേഷ് ഗൗഡ എന്ന കന്നഡ സ്വദേശിയുടെ വെളിപ്പെടുത്തലാണ്.
എന്താണു സംഭവിച്ചത് എന്നതിന് ഒരു ദൃക്സാക്ഷിയെ കണ്ടെത്താന്‍ സാധിക്കാതിരുന്നതാണ് ഷിരൂര്‍ ദുരന്തം സൃഷ്ടിച്ച വലിയ പ്രതിസന്ധികളിലൊന്ന്. ദുരന്തസ്ഥലത്ത് അപ്പോഴുണ്ടായിരുന്ന എല്ലാ മനുഷ്യരും അപകടത്തില്‍പെട്ടിരുന്നു. ഷിരൂര്‍ കുന്നിന് എതിര്‍വശത്തുള്ള ഉള്‍വരെ ഗ്രാമത്തിലെ നാഗേഷ് ഗൗഡയെന്ന ദൃക്സാക്ഷിയെ 2 ദിവസം മുന്‍പാണ് ലോറി പുഴയില്‍ താഴ്ന്നതു കണ്ടുവെന്ന് പറഞ്ഞത്. ഇതോടെയാണ് ലോറി പുഴയില്‍ മുങ്ങിയിരിക്കാമെന്ന വിധത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായതും.
അര്‍ജുന്റെ ലോറി പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അടിത്തട്ടില്‍ റോഡിനോടു ചേര്‍ന്നുള്ള ഭാഗത്തുതന്നെ ലോറി ഉണ്ടാവാമെന്നും ആയിരുന്നു നാഗേഷ് വെളിപ്പെടുത്തിയത്. പുഴയിലൂടെ ഒഴുകി വരുന്ന വിറക് ശേഖരിക്കാന്‍ തീരത്തെത്തിയതായിരുന്നു നാഗേഷ് ഗൗഡ. നാഗേഷ് ഗൗഡയുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നതും.
ആദ്യഘട്ടത്തിലെ പരിശോധനയെല്ലാം ദേശീയപാതയില്‍ കുന്നിടിഞ്ഞു വീണ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു. അവിടെ തെളിവൊന്നും കിട്ടാതിരുന്നപ്പോഴാണു തിരച്ചില്‍ പുഴയിലേക്കു മാറ്റിയത്. ലോറി പിറകുവശം മറിഞ്ഞാണ് വീണതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 'കുന്നില്‍നിന്ന് മണ്ണ് ഇടിഞ്ഞു വീണ് തടി കയറ്റിയ ഒരു ലോറിയെയും കൊണ്ടു പുഴയിലേക്കു നീങ്ങി വരുന്നതു കണ്ടു. തീരത്തുണ്ടായിരുന്ന ചായക്കടയാണ് ആദ്യം പുഴയിലേക്കു വീണത്. പിന്നാലെയാണ് തടിലോറി വീണത്' നാഗേഷ് പറഞ്ഞിരുന്നു.
അര്ജുന് ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ തലകീഴായി കിടക്കുന്നതെന്നാണ് കണ്ടെത്തല്‍. ട്രക്കിനുള്ളില്‍ അര്ജുന് ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് ദൗത്യസംഘം ഇന്ന് പ്രഥമ പരിഗണന നല്‍കുക. ഇതിനായി ദൗത്യസംഘത്തിലെ സ്കൂബാ ഡൈവേഴ്സ് നദിയിലേക്ക് ഊളിയിടും. കാലാവസ്ഥ അടക്കം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണെന്ന് കാര്‍വാര്‍ എസ്.പി. നാരായണ പറഞ്ഞു. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.
ദൗത്യത്തിന് വിഘാതം സൃഷ്ടിക്കുംവിധത്തില്‍ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുകയാണ് ആദ്യപടി. മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യന്ത്രം കൂടി വരുന്നതോടെ ഈ ജോലി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. മോശം കാലാവസ്ഥ അല്ലെങ്കില്‍ ഏഴുമണിയോടെയും ദൗത്യം ആരംഭിച്ചേക്കുമെന്നാണ് സൂചന.
നാവികസേനയുടെ മുങ്ങല്‍വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘത്തിനാണ് ഇന്ന് നിര്‍ണായക റോളുള്ളത്. കലങ്ങിമറിഞ്ഞ, ചെളിനിറഞ്ഞ നദിയുടെ അടിയിലേക്ക് പോവുക എന്നതാണ് നാവികസേനയ്ക്കു മുന്നിലെ വെല്ലുവിളി. മണ്ണുമാന്തി യന്ത്രങ്ങള്‍ മണ്ണ് നീക്കം ചെയ്യുന്നതിന് പിന്നാലെ ഇവര്‍ നദിയിലിറങ്ങും. ചെളിയില്‍ പുതഞ്ഞിരിക്കുന്ന വസ്തുക്കള്‍ എവിടെ, അവയുടെ സ്ഥാനം എവിടെ എന്ന് വ്യക്തമാക്കി തരുന്ന കരസേനയുടെ ഡ്രോണ്‍ ബേസ്ഡ് ഇന്റലിജന്‍സ് സംവിധാനവും എത്തിക്കും.
ഇത് ഒരു മണിയോടെ ഇത് പ്രവര്‍ത്തനസജ്ജമാകും. കനത്തമഴയും നദിയിലെ ഒഴുക്കും ദൗത്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു വരുത്തികൊണ്ട് മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു പോകുകയുള്ളൂ. അതേസമയം സ്ഥലത്തേക്ക് സൈന്യമൊഴികെ മറ്റാര്‍ക്കും ഇന്നും പ്രവേശനമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കാണാതായി ഒമ്പതാം ദിനത്തിലാണ് തിരിച്ചിലിന് ഒടുവില്‍ ലോറി കണ്ടെത്തിയ്ത. ഗംഗാവലി നദിയില്‍ ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും കനത്ത മഴയും കാറ്റും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നത്തേക്ക് തുടര്‍പരിശോധന മാറ്റിയത്. അജുനെ കണ്ടെത്താന്‍ ആറു ദിവസമായി തുടരുന്ന തിരച്ചിലിനിടയിലാണ് നദിയില്‍ രൂപപ്പെട്ട മണ്കൂനക്കടിയില് ലോറി കണ്ടെത്തിയത്. ഈ മാസം 16നുണ്ടായ മണ്ണിടിച്ചിലില്‍ മലയാളി ഡ്രൈവര്‍ അകപ്പെട്ട വിവരം വെള്ളിയാഴ്ചയാണ് കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയെ അറിയിച്ചത്.