- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേഡി വിക്കിന്റെ സ്നേഹ ചും:ബനം ഏറ്റുവാങ്ങി ശുഭാരംഭം; എലിസബത്ത് രാജ്ഞി ആദരിച്ച നേതാവ്; കെയ് ര്‍ സ്റ്റാര്‍മര്‍ ആരാണ് ?
ലണ്ടന്‍: ആരാണ് മാറ്റം ആഗ്രഹിക്കാത്തത്? ഇതായിരുന്നു ഏറെ നാളായി ബ്രിട്ടീഷ് ജനത ചോദിച്ചിരുന്ന ചോദ്യം. മാറ്റത്തിനായുള്ള ആ കൊതിയാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത്. ഹൗസ് ഓഫ് കോമണ്‍സിലെ 650 സീറ്റില്‍ 410 ലും ജയിച്ചുകയറി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ തേരാട്ടമാണ്. ആ തേരോട്ടത്തെ നയിച്ചത് കെയ് ര്‍ സ്റ്റാമറും. ' ഞാന്‍ ലേബര്‍ പാര്‍ട്ടിയെ മാറ്റിയെടുത്തു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പോരാടും. ബ്രിട്ടനെ മാറ്റും'. സ്റ്റാര്‍മര്‍ മെയ് 28 ന് എക്സില്‍ കുറിച്ചു.
ഏതായാലും ഫലം വന്നപ്പോള്‍ ബ്രിട്ടന് മാറ്റത്തിന് വേണ്ടി അതിയായി ആഗ്രഹിക്കുന്നുവെന്ന് തെളിഞ്ഞു. മുന്‍ നേതാവ് ജെറെമി കോര്‍ബിന്റെ കാലത്ത് നിന്ന് ലേബര്‍ പാര്‍ട്ടിക്ക് സ്റ്റാര്‍മര്‍ കൊണ്ടുവന്ന പരിവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. 2015 ലാണ് സ്റ്റാര്‍മര്‍ എംപിയായത്. 2019 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പരാജയത്തെ തുടര്‍ന്ന് ഇടതുപക്ഷക്കാരനായ കോര്ബിന് രാജി വച്ചതോടെയാണ് കെയ് ര്‍ സ്റ്റാര്‍മര്‍ക്ക് രാശി തെളിഞ്ഞത്.
തൊഴിലാളി കുടുംബത്തില്‍ ജനനം
1962 ല്‍ തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാളികളോടും, ട്രേഡ് യൂണിയനുകളോടും ഉള്ള തന്റെ പ്രതിബദ്ധത പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. നാല് മക്കളില്‍ ഒരാളായി ദാരിദ്ര്യത്തിന്റെ നടുവിലാണ് വളര്‍ന്നത്. നഴ്സായ അമ്മ രോഗങ്ങളാല്‍ അവശയായിരുന്നു. സറെ ഗ്രാമത്തില്‍ പണിയായുധ നിര്‍മ്മാണ തൊഴിലാളിയായിരുന്നു അച്ഛന്. പതിനാറാം വയസ്സില്‍ ലേബര്‍ പാര്‍ട്ടി യങ് സോഷ്യലിസ്റ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.സ്കൂള്‍ പഠനശേഷം നിയമപഠനത്തിലേക്കാണ് സ്റ്റാര്‍മര്‍ തിരിഞ്ഞത്. തന്റെ കുടുംബത്തില്‍ നിന്ന് കോളേജില്‍ ചേര്‍ന്ന് ബിരുദം നേടിയ ആദ്യത്തെ ആളായി.
മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനും
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകനെന്ന് നിലയില്‍, പുരോഗമന-യാഥാസ്ഥിതിക വിഭാഗങ്ങളുടെ കണ്ണിലെ കരടായി മാറിയിരുന്നു സ്റ്റാര്‍മര്‍. അഭിഭാഷകവൃത്തിയുടെ ആദ്യനാളുകളില്‍, അദ്ദേഹം വധശിക്ഷയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി കരീബിയന്‍ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചിരുന്നു. വധശിക്ഷ തന്നെ ഭീതിപ്പെടുത്തുന്ന കാര്യമാണെന്ന് സ്റ്റാര്‍മര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാക്ഡൊണാള്ഡ്സുമായി ബന്ധപ്പെട്ട അപകീര്‍ത്തികേസില്‍ അദ്ദേഹം രണ്ടു പരിസ്ഥിതി വാദികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. മാക്ഡൊണാള്‍ഡ്സ് പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം.
എലിസബത്ത് രാജ്ഞി ആദരിച്ചു
2002ല്‍ ക്വീന്‍സ് കൗണ്‍സലായും 2003 ല്‍ വടക്കന്‍ അയര്‍ലണ്ടിലെ പൊലിസിങ് ബോര്‍ഡിന്റെ മനുഷ്യാവകാശ ഉപദേഷ്ടാവായി നിയമിതനായി. 2008 മുതല്‍ 2013വരെ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടറായി സ്റ്റാര്‍മര്‍ ജോലി ചെയ്തു. കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. സ്റ്റീഫന്‍ ലോറന്‍സ് വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. ക്രിമിനല്‍ നീതിന്യായത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2014ല്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി ആദരിക്കുകയും ചെയ്തു.
അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങളാണ് തന്റെ പില്ക്കാല രാഷ്ട്രീയ സമീപനങ്ങളെ സ്വാധീനിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് തലവനെന്ന് നിലയില്‍ വിക്കി ലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന്റെ നാടുകടത്തല്‍ വിചാരണ കേസിലെ സ്റ്റാര്‍മറിന്റെ പങ്ക് അധികം പുറത്തുവന്നിട്ടില്ല.
പ്രത്യയശാസ്ത്ര ദാര്‍ഢ്യം ഇല്ലെന്ന് വിമര്‍ശനം
സ്റ്റാര്‍മറിന് പ്രത്യശാസ്്ത്ര ദാര്‍ഢ്യം ഇല്ലെന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്. മറ്റുചിലര്‍ അദ്ദേഹത്തെ പ്രത്യയശാസ്്ത്ര വൈമുഖ്യം ഉണ്ടായിരുന്ന ടോണി ബ്ലെയറോട് താരതമ്യം ചെയ്യുന്നു. എന്നാല്‍, ടോണി ബ്ലെയറില്‍ നിന്ന് വിരുദ്ധമായി തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ലേബര്‍ പാര്‍ട്ടിയോട് ആഹ്വാനം ചെയ്തിരുന്നു. പൊതുമേഖല വ്യവസായങ്ങളുടെ ദേശീയവത്കരണത്തെ മുറുകി പിടിച്ചിരുന്നു. സിക് പേ, പേരന്റല്‍ ലീവ്, അന്യായമായ പുറത്താക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നയാളാണ്. വിപണിയെ അഴിച്ചുവിടുന്നതിനെ അദ്ദേഹം അനുകൂലിക്കുന്നില്ല. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയ്ക്ക് വിപണിയുടെ സ്ഥിരത ആവശ്യമെന്ന് നിലപാടുള്ള ആളാണ്.
പാര്‍ട്ടിയെ സെന്‍ട്രിസ്റ്റ് നിലപാടില്‍ ഉറപ്പിച്ചുനിര്‍ത്തുകയാണ് സ്റ്റാര്‍മര്‍. സാമ്പത്തിക സ്ഥിരത, തൊഴിലാളികളുടെ അവകാശം, കാലാവസ്ഥാ നീതി എന്നിവയ്ക്ക് തുല്യ പ്രാധാന്യം നല്കുന്ന സ്റ്റാര്‍മാറിന്റെ ദര്‍ശനത്തെ ചിലര്‍ സ്റ്റാര്‍മറിസം എന്നാണ് വിളിക്കുന്നത്. എന്നാല്‍, തളര്‍ന്നുകിടക്കുന്ന സമ്പദ് വ്യവസ്ഥയും,. തകര്‍ച്ചയിലായ ആരോഗ്യ സംവിധാനവും, അപചയം നേരിടുന്ന പൊതുസേവന മേഖലയും, എല്ലാം ബ്രിട്ടനില്‍ സ്റ്റാര്മറിസത്തിന് അനുകൂല മണ്ണാണോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. പാര്‍ലമെന്റില്‍ കനത്ത ഭൂരിപക്ഷം ഉണ്ടെങ്കില്‍ പോലും.
ലേഡി വിക്കിന്റെ സ്നേഹചും:ബനം
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന വിക്ടോറിയ ആണ് ഭാര്യ. 2007 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. പൊതുരംഗത്ത് അധികം പ്രത്യക്ഷപ്പെടാത്ത വിക്ടോറിയ വിജയാഹ്ലാദത്തില്‍ പങ്കുചേരാന്‍ പുറത്തിറങ്ങിയത് കൗതുകമായി. സ്നേഹ ചു:ബനത്തോടെ ദമ്പതികള്‍ ജയം ആഘോഷിച്ചു. ഇനി ഡൗണിങ് സ്ട്രീറ്റിലെ നമ്പര്‍ 10 വസതിയിലാണ് ദമ്പതികളുടെ ജീവിതം. ലേഡി വിക്ടോറിയയെ സ്നേഹപൂര്‍വ്വം ലേഡി വിക് എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. 16 കാരനായ മകന്റെയും 13 കാരിയായ മകളുടെയും പേരുവിവരങ്ങള്‍ പോലും അറിയിക്കാന്‍ വിമുഖത കാട്ടുന്ന ദമ്പതികള്‍ ഇനിയും അവരുടെ സ്വകാര്യത കാക്കാനായിരിക്കും ശ്രമിക്കുക.