ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ തീരദേശറെയില്‍ പാതയിലെ യാത്രക്കാര്‍ നാളെ തുറവൂരില്‍ പ്രതിഷേധ സംഗമം നടത്തുന്നു. യാത്രക്കാരുടെ അംഗീകൃത സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്, 22/10/2024 ചൊവ്വാഴ്ച രാവിലെ 7.30 മണിയ്ക്ക് തുറവൂരില്‍ നടത്തുന്ന പ്രതിഷേധ സംഗമം ബഹുമാനപ്പെട്ട അരൂര്‍ എം. എല്‍. എ. ദലീമ ജോജോ നിര്‍വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശ്, ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ആലപ്പുഴ പ്രസിഡന്റ് ബിന്ദു വയലാര്‍, സെക്രട്ടറി നൗഷില്‍ തുടങ്ങിയവര്‍ സംസാരിക്കും.

രാവിലെ 7.25 നു ആലപ്പുഴയില്‍ നിന്നും പുറപ്പെടുന്ന ആലപ്പുഴ - എറണാകുളം മെമുവിലെ ക്രമാതീതമായ തിരക്ക് മൂലം യാത്രക്കാര്‍ കുഴഞ്ഞു വീഴുകയും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരിക്കുന്നു. ആലപ്പുഴയില്‍ നിന്നു തന്നെ നിറഞ്ഞു വരുന്ന വണ്ടി എറണാകുളം -ആലപ്പുഴ മെമുവിന്റെ ക്രോസ്സിങ്ങിനായി അര മണിക്കൂറിലധികം തുറവൂരില്‍ പിടിച്ചിടുന്നു. വാഗണ്‍ ട്രാജഡി അക്ഷരാര്‍ത്ഥത്തില്‍ ഈ വണ്ടിയില്‍ സംഭവിക്കുകയാണ്. വൈകിട്ട് 6 മണിക്ക് എറണാകുളത്തു നിന്നും തിരിച്ചു ആലപ്പുഴയിലേക്ക് പോയിരുന്ന കായംകുളം പാസ്സഞ്ചര്‍ വന്ദേ ഭാരതിനു വേണ്ടി 25 മിനിറ്റ് എറണാകുളത്തും വീണ്ടും അത്രയുമോ അതിലേറെയോ സമയം കുമ്പളം സ്റ്റേഷനിലും പിടിച്ചിടുന്നു. തുടര്‍ന്ന് പല വണ്ടികള്‍ക്കായി എല്ലാ ക്രോസ്സിംഗ് സ്റ്റേഷനിലും പിടിച്ചിട്ട് ആലപ്പുഴ എത്തുമ്പോള്‍ 8.30/ 9 മണിയൊക്കെ ആകുന്നു. ഈ ദുരിത യാത്രകള്‍ക്ക് അറുതി വരുത്താന്‍ രാവിലെ 16 കാര്‍ മെമു അനുവദിയ്ക്കണം. വൈകിട്ട് 6 മണിയ്ക്ക് തന്നെ കായംകുളം പാസ്സഞ്ചര്‍ പുറപ്പെടണം. കൊല്ലത്തു നിന്നും ജനശതാബ്ദിയ്ക്ക് ശേഷം ഒരു വണ്ടി ആലപ്പുഴ വഴി പുതിയതായി അനുവദിക്കണം. എറണാകുളത്തു നിന്നും ആലപ്പുഴ ഭാഗത്തേയ്ക്കു തിരിച്ചും പഴയ പോലെ ഒരു വണ്ടി നമുക്ക് കൂടിയേ തീരൂ എന്നും ഫ്രണ്ട് ഓഫ് റെയില്‍ ജനറല്‍ സെക്രട്ടറി ലിയോണ്‍സ് കുറിപ്പില്‍ പറഞ്ഞു.