- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
സംസ്ഥാന കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
കണ്ണൂര്‍: പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും സിനിമാതാരവുമായിരുന്ന ഉഴവൂര്‍ വിജയന്റെ സ്മരണയ്ക്കായി ഉഴവൂര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പൊതുപ്രവര്‍ത്തകനുള്ള ഉഴവൂര്‍ വിജയന്‍ സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി.
കണ്ണൂര്‍ കലക്ടറേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ.വി ശിവദാസന്‍ എം.പി പുരസ്‌കാരം സമ്മാനിച്ചു. 25,000/ രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം. ജുനൈദ് കൈപ്പാണിയുടെ മികവാര്‍ന്ന ജീവകാരുണ്യ കര്‍മ്മങ്ങളും വ്യത്യസ്തമായ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും മാതൃകാ പൊതുപ്രവര്‍ത്തന ശൈലിയും തദ്ദേശ സ്ഥാപന ജനപ്രതിനിധിയെന്ന നിലയിലുള്ള ക്രിയാത്മക ഇടപെടലുകളും പ്രശംസനീയമാണെന്ന് അവാര്‍ഡ്ദാന ചടങ്ങ് വിലയിരുത്തി.
അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ ബി റഫീഖ് അധ്യക്ഷത വഹിച്ചു. പ്രദീപന്‍ തൈക്കണ്ടി,വര്‍ഗീസ് കളത്തില്‍,പ്രകാശന്‍ ജി,നിള ബി. എസ്,സുനില്‍ കുമാര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.
തദ്ദേശ സ്ഥാപന ജനപ്രതിനിധി എന്ന ഉത്തരവാദിത്തങ്ങള്‍ക്കപ്പുറം സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക- ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ജുനൈദ് കൈപ്പാണി നടത്തിവരുന്നത്. ജനപ്രതിനിധി എന്ന നിലയില്‍ തദ്ദേശ സംവിധാനത്തെ കൂടുതല്‍ ജനകീയമാക്കുവാന്‍ ജുനൈദ് സ്വീകരിച്ച വേറിട്ട ശൈലിയും സമീപനവും അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സാധാരണക്കാരോട് ചേര്‍ന്ന് നിന്ന് പൊതുപ്രവര്‍ത്തനം നടത്തുന്ന ജുനൈദ് വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി ഇതിനകം ഏഴ് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട സങ്കല്പനങ്ങളും എത്രമാത്രം ലക്ഷ്യവേദിയാകുന്നുവെന്ന് തൃണമൂല തലത്തില്‍ നടത്തിയ പഠനവും നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ജുനൈദ് കൈപ്പാണിയുടെ വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും എന്ന ഗ്രന്ഥം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നാണ്.
കൊമേഴ്‌സിലും മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ജുനൈദ് കൈപ്പാണി കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എഡ് പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുമായി കൗണ്‍സിലിംഗിലും ലോക്കല്‍ ഗവേണന്‍സിലും ഡിപ്ലോമ കോഴ്‌സുകളും ചെയ്തിട്ടുണ്ട്.
ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ ജുനൈദ് നിലവില്‍ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകള്‍ വഹിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ സ്ഥാപന ജനപ്രതിനിധിക്കുള്ള 2024 ലെ ബാബ സാഹിബ് അംബേദ്കര്‍ ദേശീയ പുരസ്‌കാരത്തിനും ജുനൈദ് കൈപ്പാണി അര്‍ഹനായിരുന്നു.