ബംഗളൂരു: ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ പുരുഷമേധാവിത്വം തടസ്സമേ ആയിരുന്നില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. സി.എം.എസ് ബിസിനസ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു നിര്‍മല.

സമസ്തമേഖലയിലും സ്ത്രീകളുടെ ഉന്നമനത്തിന് തടസം നില്‍ക്കുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വമാണ് എന്നൊരു പറച്ചിലുണ്ട്. എന്നാല്‍ നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍, അത് നേടണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് പുരുഷമേധാവിത്വമൊന്നും ഒരു തടസമാവില്ലെന്ന് കേന്ദ്ര ധനമനന്ത്രി പറഞ്ഞു.

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. മനോഹരമായ പദപ്രയോഗങ്ങളിലൂടെ പലരും നമ്മളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുമെന്നും അതിലൊന്നും വീണുപോകരുത് എന്നുമായിരുന്നു ധനമന്ത്രിയുടെ പ്രധാന ഉപദേശം.

'മനോഹരമായ വാക്കുകളില്‍ വീണുപോകരുത്. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക, നിങ്ങള്‍ക്കുവേണ്ടി സംസാരിക്കുക, അങ്ങനെ ചെയ്താല്‍, നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരു പുരുഷമേധാവിത്വത്തിനും സാധ്യമാവില്ല. സ്ത്രീകളെ അവരുടെ സ്വപ്നങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുരുഷമേധാവിത്വത്തിന് ആവുമായിരുന്നെങ്കില്‍ എങ്ങനെ ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമായിരുന്നു?', നിര്‍മല സീതാരാമന്‍ ചോദിച്ചു.