തിരുവനന്തപുരം: മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് സമരസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ടാണ് മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയത്.

ഭൂപ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായാണ് ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മിഷനെ നിയോ?ഗിച്ചത്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന്‍ മുന്‍പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുന്‍പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്.- മുഖ്യമന്ത്രി പറഞ്ഞു.

നോട്ടിസ് അടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്, ഇക്കാര്യം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ജനങ്ങളുടെ ആശങ്കകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.