തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സതീഷ്. തൃശൂര്‍ പൊലീസ് ക്ലബിലായിരുന്നു മൊഴിയെടുപ്പ്.

ബിജെപി ഓഫീസില്‍ കുഴല്‍പ്പണമെത്തിച്ചു എന്നാണ് സതീശന്‍ നേരത്തേ വെളിപ്പെടുത്തിയത്. ജില്ല പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നും സതീശന്‍ പറഞ്ഞിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അറിവോടെയാണ് പണം ഓഫീസിലെത്തിച്ചത്. തെരഞ്ഞെടുപ്പ് ഉപകരണങ്ങള്‍ എന്നു പറഞ്ഞ് ചാക്കുകളിലായാണ് കോടിക്കണക്കിനു രൂപ എത്തിച്ചത്. തൃശൂര്‍ ഓഫീസിലേയ്ക്കുള്ള തുക നല്‍കിയ ശേഷം ബാക്കി പണം കൊണ്ടുപോയെന്നും ഇതിനെല്ലാം താന്‍ സാക്ഷിയാണെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സതീശന്‍ പണം പലരില്‍ നിന്നും വാങ്ങുന്നതറിഞ്ഞ് ഓഫീസില്‍ നിന്നു പുറത്താക്കിയതാണെന്നായിരുന്നു ജില്ല പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ വിശദീകരിച്ചത്. ഇതിലുള്ള പക പോക്കലാണ് വെളിപ്പെടുത്തലുകളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.