കണ്ണൂര്‍: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വടക്കെ മലബാറിലെ അതിപ്രശസ്തമായ പറശിനി മുത്തപ്പന്‍ മടപ്പുരയില്‍ പുത്തരി തിരുവപ്പന മഹോത്സവത്തിന് തിങ്കളാഴ്ച്ച രാവിലെ കൊടിയേറി. ഉത്സവത്തിന് മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റി.കൊടിയേറ്റിന് സാക്ഷികളാവാന്‍ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു.

ഉച്ചയ്ക്ക് മലയിറക്കല്‍ കര്‍മ്മവും, വൈകുന്നേരത്തോടു കൂടി ആയോധന കലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതോടുകൂടി തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന കാഴ്ചവരവുകള്‍ നടക്കും. സന്ധ്യയോടെ മുത്തപ്പന്റെ വെള്ളാട്ടവും, അന്തിവേല, കലശം എഴുന്നള്ളിപ്പ് 3ന് പുലര്‍ച്ചെ 5:30 ന് തിരുവപ്പനയും നടക്കും.

ഡിസംബര്‍ ആറിന് കലശാട്ടത്തോടുകൂടി മഹോത്സവത്തിന് കൊടിയിറങ്ങും. ഇത്തവണത്തെ പുത്തരി മഹോത്സവത്തിന് അതിവിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രം കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. രണ്ടുനാള്‍ നീണ്ടുനില്‍ക്കുന്ന പുത്തരി മഹോത്സവത്തിന് പതിനായിരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുത്തപ്പന്റെ ആരുഢ സ്ഥാനങ്ങളിലൊന്നായ പറശിനി കടവിലെത്തുന്ന ഭക്തര്‍ക്ക് പ്രസാദസദ്യയും ചായയും മമ്പയര്‍ നിവേദ്യവും എല്ലാ ദിവസവും നല്‍കാറുണ്ട്.