- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ച വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസ്; മൂന്നുപ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി
വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി
തിരുവനന്തപുരം: വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്‍കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു കൂട്ടു പ്രതികള്‍ക്ക് ജാമ്യമില്ല. ജയിലില്‍ കഴിയുന്ന പ്രതികളുടെ രണ്ടാം ജാമ്യ ഹര്‍ജിയും ജില്ലാ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാറാണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്.
നവംബര്‍ 30 ന് ആദ്യ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ച കാറും ആയുധങ്ങളും വീണ്ടെടുത്തതിനാല്‍ തുടര്‍ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്ന കാരണത്താല്‍ ഗൗരവമേറിയ കുറ്റാരോപണം നേരിടുന്ന പ്രതികള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. കൃത്യത്തില്‍ പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോഡില്‍ വ്യക്തമാണെന്നും കോടതി ഉത്തരവില്‍ നിരീക്ഷിച്ചു. സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത മുണ്ടേല കൊക്കോതമംഗലം മേലേവിള വീട്ടില്‍ രഞ്ജിത്ത് (34), തുമ്പോട് ഒഴുക്കുപാറ എസ്.ജി.ഭവനില്‍ സാം (29), മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്ത് വീട്ടില്‍ സുബിന്‍ (32) എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് നിരസിച്ചത്.
ക്വട്ടേഷേന്‍ നല്‍കിയ മുഖ്യ പ്രതി ആന്റണിക്ക് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കേസില്‍ അന്വേഷണം പുരോഗമിച്ചു വരികയാണ്. കൃത്യത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോര്‍ഡുകളില്‍ വെളിവാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷന്‍ ഒഴിവാക്കാന്‍ ഒളിവില്‍ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് ആദ്യ ജാമ്യ ഹര്‍ജി നവംബര്‍ 30 ന് തള്ളിയത്.
നവംബര്‍ 11 മുതല്‍ അഴിക്കുള്ളില്‍ കഴിയുന്ന മുഖ്യ പ്രതി മനോജ് എന്ന ആന്റണിയുടെ ജാമ്യ ഹര്‍ജി നവംബര്‍ 28 നാണ് തള്ളിയത്. നെയ്യാറ്റിന്‍കരയില്‍ ക്വട്ടേഷന്‍ നല്‍കി പെരുമ്പഴുതൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്ത പെരുമ്പഴുതൂര്‍ വണ്ടന്നൂര്‍ പാരഡൈസില്‍ വിനോദ് കുമാര്‍ (43), കാരക്കോണം കുന്നത്തുകാല്‍ വണ്ടിത്തടം ആലക്കോട്ടുകോണം ആന്റണി ഭവനില്‍ മനോജ് എന്നു വിളിക്കുന്ന ആന്റണി (42) എന്നിവരെ കോടതി നവംബര്‍ 11 ന് റിമാന്റ് ചെയ്തിരുന്നു.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്