കോഴിക്കോട്: മെക് 7 ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം വര്‍ഗീയ കാര്‍ഡ് കളിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ കാര്‍ഡ് ഇറക്കിയ ബി.ജെ.പിയുടെ കേരളത്തിലെ അവസ്ഥ തന്നെയാകും സി.പി.എമ്മിനും സംഭവിക്കുക. വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇറക്കിയത് ജനം തള്ളി. പാലക്കാട്ട് രണ്ട് പത്രങ്ങള്‍ക്ക് മാത്രം പ്രത്യേക പരസ്യം കൊടുത്ത് നടത്തിയ വര്‍ഗീയ പ്രചാരണങ്ങളും ജനം തള്ളിയത് അനുഭവമാണ്.

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ നേരാംവണ്ണം പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തേണ്ടിവരുന്നത്. മെക് 7 പരിപാടിയില്‍ താനും പങ്കെടുത്തതാണെന്നും അവിടെ വ്യായാമം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമുള്ള വിഷയമാണെന്നും സര്‍ക്കാര്‍ ജാഗ്രത സ്വീകരിച്ചില്ലെങ്കില്‍ പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.