റാന്നി: വീട്ടുമുറ്റത്തിരുന്ന 96,000 രൂപ വിലയുള്ള മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് പല ഭാഗങ്ങളാക്കി രണ്ട് കടകളില്‍ വിറ്റ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചവിട്ടുവേലില്‍ പെരുമ്പായിക്കോട് പള്ളിപ്പുറം കദളിക്കാല വീട്ടില്‍ നിന്നും റാന്നി പഴവങ്ങാടി മക്കപ്പുഴ പനവേലിക്കുഴി രേഷ്മഭവനില്‍ വീട്ടില്‍ താമസം അനീഷ് കെ. ദിവാകരന്‍(39) ആണ് പിടിയിലായത്.

നവംബര്‍ 27ന് പുലര്‍ച്ചെ ചേത്തയ്ക്കല്‍ മക്കപ്പുഴ പനവേലിക്കുഴി ഓലിക്കല്‍ വീട്ടില്‍ മോഹന്‍ദാസിന്റെ അമ്മ കുഞ്ഞമ്മ താമസിക്കുന്ന വീടിന്റെ മുറ്റത്ത് വച്ചിരുന്ന ബൈക്കാണ് പ്രതി മോഷ്ടിച്ചു കടന്നത്. ബൈക്ക് കോട്ടയം ബോട്ട് ജെട്ടിക്ക് സമയമുള്ള ഷറഫിന്റെ ആക്രിക്കടയിലും കോട്ടയം കൈപ്പുഴയിലെ എ കെ എസ് ട്രേഡേഴ്സ് എന്ന പേരില്‍ തമിഴ്നാട് സ്വദേശി സുരേഷ് നടത്തുന്ന കടയിലും ഭാഗങ്ങള്‍ അഴിച്ചുമാറ്റി വില്‍ക്കുകയായിരുന്നു.

മോഹന്‍ദാസിന്റെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് സ്ഥലത്തേയും സമീപപ്രദേശങ്ങളിലെയും സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. പ്രതിക്കായി തെരച്ചില്‍ നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയില്‍ പെരുമ്പുഴയില്‍ സംശയകരമായി തോന്നുംവിധംഅലഞ്ഞുതിരിഞ്ഞുനടക്കുന്ന നിലയില്‍ അനീഷിനെ കണ്ടെത്തുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്.

തുടര്‍ന്ന്, കസ്റ്റഡിയിലെടുത്തു, ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനില്‍ എത്തിച്ചു. ദേഹപരിശോധനയില്‍ ഒരു വാഹനത്തിന്റെ ചേസിസ് നമ്പര്‍ പതിച്ച ഇരുമ്പ് പ്ലേറ്റ് കണ്ടെത്തി. ഇതെപ്പറ്റി ചോദിച്ചപ്പോള്‍, താന്‍ മെക്കാനിക് ആണെന്നും മറ്റൊരു വാഹനത്തില്‍ വയ്ക്കുന്നതിനു സൂക്ഷിച്ചുവച്ചതാണെന്നും പറഞ്ഞു.

കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മണര്‍കാട് നിന്നും മോഷ്ടിച്ച സ്‌കൂട്ടറിന്റെതാണ് ഇതെന്ന് ബോധ്യപ്പെട്ടു. സ്‌കൂട്ടറിന്റെ ഭാഗങ്ങള്‍ അഴിച്ചുമാറ്റി പലയിടങ്ങളില്‍ വിറ്റശേഷം, ഇത് മറ്റൊരു വാഹനത്തില്‍ വയ്ക്കാന്‍ കരുതിയതാണെന്നും വെളിപ്പെടുത്തി.ഇതിന് മണര്‍കാട് പോലീസ് സ്റ്റേഷനില്‍ കേസുണ്ടെന്ന് പിന്നീട് റാന്നി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇരുമ്പ് പ്ലേറ്റ് പോലീസ് ബന്തവസിലെടുത്തു. പിന്നീട് പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍, മോഹന്‍ദാസിന്റെ ഉടമസ്ഥതയിലുള്ള മോട്ടോര്‍ സൈക്കിളിന്റെ ഭാഗങ്ങള്‍ ഇവ മോഷ്ടാവ് വിറ്റ കടകളില്‍ നിന്നും കണ്ടെത്തി.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണിന്റെ നിര്‍ദേശപ്രകാരം, എസ്.ഐ. സുരേഷ് കുമാര്‍, എസ്.സി.പി.ഓ സതീഷ് കുമാര്‍, സി.പി.ഓമാരായ മുബാറക്, അരവിന്ദ്, ഗോകുല്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.