ശബരിമല: നൂറ്റിയൊന്ന് വയസൊന്നും പാറുക്കുട്ടിയമ്മയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമൊന്നുമില്ല. നൂറാം വയസില്‍ കന്നിസ്വാമിനി ആയെങ്കില്‍ 101-ാം വയസില്‍ വീണ്ടും ശബരീശ ദര്‍ശനം നടത്താനായതിന്റെ സന്തോഷത്തിലാണ് വയനാട് സ്വദേശിനിയായ പാറുക്കുട്ടിയമ്മ. ചെറുമകനും പേരക്കുട്ടികള്‍ക്കും ഒപ്പമായിരുന്നു പാറുക്കുട്ടിയമ്മയുടെ രണ്ടാം വട്ട മല ചവിട്ടല്‍. കഴിഞ്ഞ മണ്ഡലകാലത്ത് നൂറാം വയസ് പിന്നിട്ട വേളയിലാണ് പാറുക്കുട്ടിയമ്മ കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പമ്പയില്‍ നിന്നും ഡോളിയില്‍ ആണ് ഇക്കുറി വലിയ നടപ്പന്തല്‍ വരെ എത്തിയത്.

സന്നിധാനത്തെ അഭൂത പൂര്‍വമായ തിരക്കിലും ദേവസ്വം ബോര്‍ഡ് ജീവനക്കാരും പോലീസും ചേര്‍ന്ന് പതിനെട്ടാംപടി കയറി അയ്യനെ ദര്‍ശിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാറുക്കുട്ടിയമ്മയ്ക്ക് ഒരുക്കി നല്‍കി. വയനാട് മൂന്നാനക്കുഴിയിലെ വീട്ടില്‍ നിന്നും കെട്ടു നിറച്ചാണ് പാറുക്കുട്ടിയമ്മ എത്തിയത്. കൊച്ചുമകന്‍ ഗിരീഷ്‌കുമാര്‍, ഗിരീഷിന്റെ മക്കളായ അമൃതേഷ്, അവന്തിക എന്നിവര്‍ക്കൊപ്പമായിരുന്നു ദര്‍ശനം. അയ്യപ്പ ദര്‍ശന ശേഷം തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി എന്നിവരെയും കണ്ട ശേഷമാണ് മലയിറങ്ങിയത്. ആരോഗ്യം അനുവദിച്ചാല്‍ ഇനിയും അയ്യനെ കാണാനെത്തണമെന്നാണ് ആഗ്രഹമെന്ന് പാറുക്കുട്ടിയമ്മ പറഞ്ഞു.

ശബരീശ ദര്‍ശനത്തിനായി 101-ാം വയസിലും ഇരുമുടിക്കെട്ടുമായി മല കയറി സന്നിധാനത്ത് എത്തിയ പാറുക്കുട്ടിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദരിച്ചു. പ്രസിഡന്റ് പി.എസ്.പ്രശാന്ത് പൊന്നാട അണിയിച്ചു. പതിനെട്ടാം പടിയില്‍ പാറുക്കുട്ടിക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പോലീസും ചേര്‍ന്ന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.