കണ്ണൂര്‍ : വിവാദങ്ങള്‍ തുടര്‍ക്കഥയാവുന്ന കണ്ണൂര്‍ സര്‍വ്വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു നേതാവ് പി. മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജില്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍ നല്‍കാത്ത ബി.കോം(സി എ) കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ അഡ്മിഷന്‍ നല്‍കുകയും ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടത്തുകയും സര്‍വ്വകലാശാല തന്നെ ഔദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്‌തെന്ന ഗുരുതര ക്രമക്കേടുകളുടെ തെളിവുകള്‍ പുറത്ത്വിട്ടു കൊണ്ടാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് രംഗത്തെത്തിയത്.

വയനാട് ഡബ്ല്യൂ.എം.ഒ ഇമാം ഗസ്സാലി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് കെ-റീപ് വഴി ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകള്‍ നടന്നത്.സര്‍വ്വകലാശാല ചട്ടങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തി ഈ വര്‍ഷം ബി.കോം(സി എ) കോഴ്‌സ് ആരംഭിച്ചെന്ന പേരില്‍ മുപ്പത്തൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുകയായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഏക ജാലക സംവിധാനത്തിലൂടെ പ്രവേശനം നേടിയിട്ടില്ലാത്ത ഈ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല പോലും അറിയാതെ കെ-റീപ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് എക്‌സാം രജിസ്‌ട്രേഷന്‍ നടത്തി.കെ-റീപ് വഴി തന്നെ അംഗീകാരമില്ലാത്ത കോഴ്‌സില്‍ വ്യാജ അഡ്മിഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം യൂണിവേഴ്‌സിറ്റി തന്നെ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചുവെന്നും ഷമ്മാസ് ആരോപിച്ചു.

കെ-റീപിന്റെ മറവില്‍ എന്തും നടക്കും എന്നതിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നതെന്നും സര്‍വ്വകലാശാലയുടെ പൂര്‍ണ്ണ നിയന്ത്രണം മഹാരാഷ്ട്രയിലെ കമ്പനിക്കാണെന്നും സര്‍വ്വകലാശാല കേവലം നോക്കുകുത്തിയായി മാറിയെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ആകെ തകര്‍ന്നുവെന്നും പി.മുഹമ്മദ് ഷമ്മാസ് ചൂണ്ടിക്കാട്ടി.എം.കെ.സി.എല്‍ എന്ന മഹാരാഷ്ട്ര കമ്പനിയുടെ പിന്തുണയുണ്ടെങ്കില്‍ ഒരു തരത്തിലുള്ള അംഗീകാരവും ഇല്ലെങ്കിലും ആര്‍ക്കും കോളേജുകളും കോഴ്‌സുകളും ആരംഭിച്ച് വിദ്യാഭ്യാസ കച്ചവടം നടത്താം എന്നതിന്റെ തെളിവാണ് പുറത്ത് വരുന്നത്. ഒരുതരത്തിലുള്ള സുതാര്യതയും സുരക്ഷിതത്വവും ഇല്ലാത്ത മഹാരാഷ്ട്ര കമ്പനിയെ എല്ലാം ഏല്‍പ്പിച്ചതിന് പിന്നില്‍ അടിമുടി ദുരൂഹതയുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ വെച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ കച്ചവടം അനുവദിക്കില്ലെന്നും പുറത്തുവന്നത് ക്രമക്കേടിന്റെ ഒരു ഭാഗം മാത്രമാണെന്നും പരീക്ഷാഫലം തന്നെ ചോരുന്ന സാഹചര്യം ഉണ്ടായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അംഗീകാരമില്ലാത്ത കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയ സംഭവത്തിലെ മുഴുവന്‍ ക്രമക്കേടുകളും പുറത്ത് വരണമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടിലെ ചാപ്റ്റര്‍ അഞ്ചിലെ 9 (സി) യില്‍ അഫിലിയേഷന്‍ സംബന്ധിച്ച് വ്യക്തമായി പറഞ്ഞിട്ട് പോലും ആരുടെ നിര്‍ദ്ദേശപ്രകാരം കോളേജ് വ്യാജ പ്രവേശനം നടത്തി ?വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ രജിസ്‌ട്രേഷന്‍ നടത്താന്‍ അനുമതി നല്‍കിയത് ആര് ? ഈ വിദ്യാര്‍ത്ഥികള്‍ പരീക്ഷ രജിസ്റ്റര്‍ ചെയ്തത് സര്‍വ്വകലാശാല അറിഞ്ഞിരുന്നോ ? കെ-റീപ് വഴി റിസള്‍ട്ട് പ്രഖ്യാപിച്ചപ്പോഴെങ്കിലും സര്‍വ്വകലാശാല സംഭവം അറിഞ്ഞോ ? സര്‍വ്വത്ര പരാതികളും ആക്ഷേപവും ഉയര്‍ന്ന് വരികയും ബോധ്യപ്പെടുകയും ചെയ്ത കെ-റീപ് പദ്ധതി മഹാരാഷ്ട്ര കമ്പനി മുഖേനെ തന്നെ നടപ്പിലാക്കണമെന്നുള്ളത് ആരുടെ താല്പര്യം? എന്നീ സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഷമ്മാസ് ഒരു സുരക്ഷിതത്വവും ഇല്ലാത്ത കെ-റീപ് സോഫ്റ്റ്വെയറിനെ മറയാക്കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവടം നടത്തുന്നതിന് ചുക്കാന്‍ പിടിക്കുന്ന പലരും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സുപ്രധാന പദവികളിലുണ്ടെന്നും ഷമ്മാസ് കുറ്റപ്പെടുത്തി.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍,സംസ്ഥാന കമ്മിറ്റി അംഗം ആകാശ് ഭാസ്‌കരന്‍,ജില്ലാ വൈസ് പ്രസിഡന്റും സെനറ്റ് അംഗവുമായ ആഷിത്ത് അശോകന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.