തിരുവനന്തപുരം: സനാതനധര്‍മം സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനാതനധര്‍മത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരു അത് തിരുത്താന്‍ നേതൃത്വം നല്‍കിയ ആളാണെന്നും മുഖ്യമന്ത്രി തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീനാരായണ ഗുരുവിനെ സനാതധര്‍മത്തിന്റെ ഭാഗമായി അവതരിപ്പിക്കേണ്ട കാര്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു സനാതന ധര്‍മത്തിന്റെ വക്താവാണെന്ന് രണ്ടുവര്‍ഷം മുന്‍പ് ഒരുയോഗത്തില്‍ കേന്ദ്രമന്ത്രിയായ ബിജെപി നേതാവാണ് പറഞ്ഞത്. അത് ശരിയല്ലെന്ന് അന്നുതന്നെ താന്‍ പറഞ്ഞു. അത് തിരുത്തുന്നതിന് നേതൃത്വം നല്‍കിയ ആളാണ് ശ്രീനാരായണഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രത്തില്‍ കയറുമ്പോള്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് മാറേണ്ടതില്ലെന്ന കാര്യം പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്നതാണ്. സച്ചിദാനന്ദസ്വാമിയാണ് അന്ന് ഇക്കാര്യം ആദ്യം അവിടെ പറഞ്ഞത്. ശ്രീനാരായണ ആരാധാനലായങ്ങളില്‍ ഉടുപ്പൂരി അകത്തുകയറുക എന്ന സമ്പ്രദായം വേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന്് അദ്ദേഹം പറഞ്ഞു. പിന്നിടുള്ള പ്രസംഗത്തില്‍ താന്‍ അത് നല്ല തീരുമാനമാണെന്ന് പറയുകയുണ്ടായി. കുറച്ചുമുന്‍പ് തന്നെ കാണാന്‍ വന്ന ദേവസ്വം ബോര്‍ഡ് അധികൃതരും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡാണ് അക്കാര്യം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.