തിരുവനന്തപുരം: അഴിമതിയാരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതായി തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍. കമ്മീഷണറുടെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. പിപി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയിരു്‌നു. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. ദിവ്യയെ ക്ഷണിച്ചില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.

അതേസമയം, എഡിഎം കെ.നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും സ്വര്‍ണം പണയം വച്ചാണ് ആറാം തീയതി ക്വാര്‍ട്ടേഴ്‌സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് ഇന്നലെ പൊലീസിനു മൊഴി നല്‍കിയിരുന്നു. തന്റെ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി. നവീന്റെ യാത്രയയപ്പ് യോഗത്തില്‍ ഇതിന്റെ പേരില്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതിനു പിന്നാലെ താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.

അതിനിടെ, എ.ഡി.എം നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകന്‍ ഗംഗാധരന്‍ രംഗത്തെത്തിയിരുന്നു. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ആരോപണം. ഇതു സംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ട്.

പി.പി. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് കേസില്‍ വാദം കേട്ടത്.നവീന്‍ ബാബു കൈക്കൂലി, പി പി ദിവ്യ, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍, റിപ്പോര്‍ട്ട്