സിയോള്‍: ഹിരണ്യന്റെ നാട്ടില്‍ ഹിരണ്യായ നമഃ മാത്രമെന്ന് ദക്ഷിണ കൊറിയ. ഇന്ന് ഇന്ത്യയുള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ഏറെ ജനപ്രീതി ആര്‍ജ്ജിച്ചു വരുന്ന കെ- പോപ്പ്‌സ് എന്നറിയപ്പെടുന്ന കൊറിയന്‍ പോപ്പ് സംഗീതങ്ങളും സിനിമകളും കണ്ടതിന് ഉത്തര കൊറിയയില്‍ ഒരു 22 കാരനെ പരസ്യമായി തൂക്കി കൊന്നതായി ദക്ഷിണ കൊറിയ ആരോപിക്കുന്നു. എഴുപതോളം ദക്ഷിണ കൊറിയന്‍ ഗാനങ്ങള്‍ ആസ്വദിച്ചതിന് ഈ 22 കാരനെ 2022 ല്‍ ആയിരുന്നു പരസ്യമായി തൂക്കിക്കൊന്നതെന്നും ദക്ഷിണാഫ്രിക്ക. അതോടൊപ്പം ഇയാള്‍ മൂന്ന് ദക്ഷിണ കൊറിയന്‍ സിനിമകള്‍ കാണുകയും വിതരണം ചെയ്യുകയും ചെയ്തുവത്രെ.

ദക്ഷിണ കൊറിയയിലെ, കൊറിയന്‍ ഏകീകരണ മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ നോര്‍ത്ത് കൊറിയന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ഉത്തര കൊറിയ വിട്ട് ദക്ഷിണ കൊറിയയിലെത്തിയ 649 ഉത്തര കൊറിയന്‍ വിമതരുടെ സാക്ഷ്യപത്രത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോകത്തു നിന്നും മുഴുവന്‍ ഒറ്റപ്പെട്ട് ഒരു തുരുത്തു പോലെ സ്ഥിതി ചെയ്യുന്ന രാജ്യത്തേക്ക് പാശ്ചാത്യ സ്വാധീനവും, വിവരങ്ങളും എത്താതിരിക്കാന്‍ ക്രൂരമായ നടപടികളാണ് ഉത്തര കൊറിയന്‍ ഭരണകൂടം സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'പാശ്ചാത്യ സംസ്‌കാരത്തിന്റെ മലീമസമായ സ്വാധീന' ത്തില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുക എന്ന കാരണം പറഞ്ഞ് കെ- പോപ്പ് നിരോധിച്ച നിയമം ഉത്തര കൊറിയ ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്. ഭരണകൂടം നിശ്ചയിച്ച ആശയങ്ങള്‍ക്കും, സാംസ്‌കാരിക പരിധികള്‍ക്കും എതിരെ പ്രതികരിക്കുന്നത് പൂര്‍ണ്ണമായും തടയുന്ന രീതിയിലുള്ള നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്.

അതേസമയം, മനുഷ്യാവകാശ ലംഘനം എന്ന ആരോപണം ഉത്തരകൊറിയ പാടെ തള്ളിക്കളയുകയാണ്. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രചാരണങ്ങള്‍ എന്നാണ് അവരുടെ നിലപാട്. വധുക്കള്‍ വിവാഹ സമയത്ത് വെളുത്ത വസ്ത്രം ധരിക്കുക, വരന്മാര്‍, വധുക്കളെ വിവാഹ ശേഷം എടുത്തുയര്‍ത്തുക, വൈന്‍ ഗ്ലാസുകളില്‍ മദ്യം കുടിക്കുക തുടങ്ങിയ ദക്ഷിണ കൊറിയന്‍ പതിവുകളും ഉത്തര കൊറിയയില്‍ നിരോധിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ പരിശോധന ഉത്തര കൊറിയയില്‍ വ്യാപകമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

സ്വതന്ത്ര മാധ്യമങ്ങളെയും, സിവില്‍ സൊസൈറ്റികളെയും, തൊഴിലാളി യൂണിയനുകളെയും നിരോധിച്ച ഭരണകൂടം രാജ്യത്ത് ബഹുസ്വരത വളര്‍ന്ന് വരുന്നത് തടയുവാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുമുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമതരുടെ കൂട്ടത്തിലുള്ള 20 കാരിയായ ഒരു വനിത പറയുന്നത് ദക്ഷിണ കൊറിയന്‍ സംസ്‌കാരം ആശ്ചര്യകരമായ വേഗതയിലാണ് ഉത്തര കൊറിയയില്‍ പടര്‍ന്ന് പിടിക്കുന്നത് എന്നാണ്. ദക്ഷിണ കൊറിയയുമായി ബന്ധപ്പെട്ട എന്തും ഇന്ന് യുവതലമുറ ഇഷ്ടപ്പെടുന്നു. കൊറിയന്‍ സിനിമകള്‍ കണ്ടതിനു ശേഷം തങ്ങള്‍ എന്താണ് ഇങ്ങനെ ജീവിക്കാന്‍ വിധിക്കപ്പെട്ടത് എന്നാണത്രെ പല യുവാക്കളും ചിന്തിക്കുന്നത്.