കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ കോടതി ഈ മാസം 28ന് വിധി പറയും. മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുന്‍ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠന്‍, പെരിയ മുന്‍ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

കേസില്‍ 270 സാക്ഷികളുണ്ടായിരുന്നു.

പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കെവി കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. പ്രതികളായ 14പേരെ ക്രൈംബ്രാഞ്ചും പത്തുപേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17നാണ് പെരിയയില്‍ ഇരട്ടക്കൊലപാതകം നടന്നത്. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണിത്.

പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.ഇതോടെ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, സിബിഐ അന്വേഷണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ശരിവച്ച് ഡിവിഷന്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം നിലനിര്‍ത്തുകയും ചെയ്തിരുന്നു.