അടൂര്‍: പ്രണയബന്ധത്തിലായ പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഏറത്ത് ഉടയാന്‍വിള കലതിവിള വീട്ടില്‍ ശരണ്‍ മോഹന്‍ (23) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടി പത്താം ക്ലാസ് പഠനശേഷം തുണിക്കടയില്‍ ജോലിക്ക് പോയിക്കൊണ്ടിരുന്ന കാലയളവില്‍ ഇയാളുമായി സ്നേഹബന്ധത്തിലായി. കഴിഞ്ഞിടെ കുട്ടി യുവാവിന്റെ വീട്ടില്‍ വന്നു താമസിച്ചതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വഴക്കുണ്ടായി. 18 വയസ് തികയുമ്പോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ ധാരണയായതനുസരിച്ച് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് മടക്കിയയച്ചു.

പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു. യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഏനാത്ത് പോലീസ് ബലാല്‍സംഗത്തിനും പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ വീട്ടില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.