ഭോപ്പാല്‍: മധ്യപ്രദേശിലെ നീമുച്ച് ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നില്‍ വയോധികന്റെ വേറിട്ട പ്രതിഷേധം. തന്റെ ഗ്രാമത്തിലെ സര്‍പഞ്ചിനെതിരായ അഴിമതിയുടെ ആവര്‍ത്തിച്ചുള്ള പരാതികള്‍ക്ക് അധികാരികള്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയ രേഖകള്‍ കഴുത്തില്‍ മാല പോലെ തൂക്കിയിട്ട് റോഡിലൂടെ ഇഴഞ്ഞ് പരാതിക്കാരന്‍ കളക്ടറേറ്റില്‍ എത്തിയത്. സര്‍പഞ്ചായ കങ്കരിയയ്ക്കെതിരെയാണ് നീമുച്ച് സ്വദേശി മുകേഷ് പ്രജാപതിയാണ് വ്യത്യസ്ത പ്രതിഷേധവുമായി എത്തിയത്.

നീമുച്ച് ജില്ലാ കളക്ടറുടെ ഓഫീസില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ പബ്ലിക് ഹിയറിംഗ് നടത്താറുണ്ട്. എല്ലാ ചൊവ്വാഴ്ചയും പതിവായി നടക്കുന്ന സഭയിലേക്കാണ് കുറേ രേഖകള്‍ കയറില്‍ കെട്ടി കഴുത്തില്‍ തൂക്കിയിട്ട് മുകേഷ് പ്രജാപതി ഇഴഞ്ഞെത്തിയത് എത്തിയത്. അഴിമതിക്കാരനായ വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ആറോ ഏഴോ വര്‍ഷത്തിലേറെയായി വില്ലേജ് ഓഫീസര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് മുകേഷ് പ്രജാപതിന്റെ വിമര്‍ശനം. വില്ലേജ് ഓഫീസര്‍ നടത്തിയ അഴിമതി തെളിയിക്കുന്ന രേഖകളാണ് താന്‍ കഴുത്തില്‍ കെട്ടിത്തൂക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്വാര്‍ത്ഥതാല്‍പ്പര്യം കൊണ്ടല്ലെന്നും, രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് അഴിമതിക്കെതിരെ ഞാന്‍ പ്രതിഷേധിച്ചതെന്നും മുകേഷ് പ്രജാപതി കൂട്ടിച്ചേര്‍ത്തു.

ഇത് ഒരാളുടെ പരാതിയാണെന്നും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ പഞ്ചായത്തും ഗ്രാമവികസനവും ഇതിനകം അന്വേഷണം നടത്തിയിട്ടുണ്ടെന്നും നീമച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മമത ഖേഡെ പറഞ്ഞു. പരാതിയില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ശര്‍മ്മ പറഞ്ഞു.