കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എം എല്‍ എ സുഖം പ്രാപിക്കുന്നു. ആശുപത്രിയില്‍ എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനോട് വീഡിയോ കോളില്‍ ഉമ തോമസ് സംസാരിച്ചു. 'ഇപ്പോള്‍ കുറച്ചു ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സെഷനില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷം', വിശേഷങ്ങള്‍ ഓരോന്നായി ആശുപത്രി മുറിയിലിരുന്നുകൊണ്ട് ഉമ തോമസ് പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ളയും മറ്റ് സഹപ്രവര്‍ത്തകരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് മന്ത്രി, ഉമ തോമസ് ചികിത്സയില്‍ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇരുവരും നിറഞ്ഞ ചിരിയോടെയാണ് പരസ്പരം കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടത്. ഒരു മാസത്തേക്ക് കുറച്ച് ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും എംഎല്‍എ ഫോണിലൂടെ പറയുന്നുണ്ട്. ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് ടീമാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചത്.

അണുബാധയും മറ്റുമുണ്ടാകും എന്നതിനാല്‍ ഉമ തോമസിന്റെ മുറിയിലേക്ക് ആരെയും കടത്തിവിടാത്ത സാഹചര്യത്തിലാണ് മന്ത്രി വീഡിയോ കോളിലൂടെ അവരുമായി സംസാരിച്ചത്. 'സുഖമായിരിക്കുന്നോ' എന്ന മന്ത്രിയുടെ ചോദ്യത്തിന് 'ആശ്വാസമുണ്ട്' എന്നായിരുന്നു എം.എല്‍.എ.യുടെ മറുപടി. 'ശ്രദ്ധിച്ചോളൂ, വേഗം സുഖമാവട്ടെ', എന്ന ആശംസയ്ക്ക് നിറഞ്ഞ ചിരിയോടെ 'ശ്രദ്ധിച്ചോളാം' എന്നും മറുപടി. നിലവില്‍ നല്ല ആശ്വാസമുണ്ട്, വരുന്ന അസംബ്ലി സമ്മേളനത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല, മന്ത്രി കാണാന്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.