- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങള്‍ മോദിക്ക് മുന്നില്‍ കുനിയുന്നതെന്തിനാണ്? സഭയില്‍ എല്ലാവര്ക്കും മുകളിലാണെന്ന് ഓര്‍ക്കണം; സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോള്‍ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കര്‍ ഓം ബിര്‍ലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്സഭയില്‍ ഭരണപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ടു സംസാരിക്കവേയാണ് രാഹുല്‍ സ്പീക്കറെയും കൊട്ടിയത്.
ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. സഭയില്‍ സ്പീക്കര്‍ എല്ലാവര്ക്കും മുകളിലാണെന്നും സഭാംഗങ്ങള്‍ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. എനിക്ക് കൈ തന്നപ്പോള്‍ നിവര്‍ന്നുനിന്ന നിങ്ങള്‍ മോദിക്ക് കൈ കൊടുത്തപ്പോള്‍ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിനെ പ്രതിപക്ഷ എം.പിമാര്‍ ആരവങ്ങളോടെ പിന്തുണച്ചപ്പോള്‍ ഭരണപക്ഷ എം.പിമാര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത് സ്പീക്കര്‍ക്കെതിരായ ആരോപണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
രാഹുലിന്റെ ചോദ്യത്തിന് സ്പീക്കര്‍ തന്നെ മറുപടിയുമായി എത്തി. 'ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. എന്റെ സംസ്കാരത്തിലും ധാര്‍മികതയിലും ഞാന്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ തലകുനിക്കുകയും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുന്നു. മുതിര്‍ന്നവരെ വണങ്ങുകയും ആവശ്യമെങ്കില്‍ അവരുടെ കാലില്‍ തൊടുകയും ചെയ്യുക എന്നതാണ് എന്റെ ധാര്‍മികത' -എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ മറുപടി.
എന്നാല്‍, രാഹുല്‍ അതിനും മറുപടിയുമായെത്തി. 'നിങ്ങളുടെ അഭിപ്രായങ്ങള്‍ ഞാന്‍ മാന്യമായി അംഗീകരിക്കുന്നു. എന്നാല്‍, സഭയില്‍ സ്പീക്കറേക്കാള്‍ വലിയവനായി ആരുമില്ലെന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. സഭയില്‍ സ്പീക്കറാണ് എല്ലാവര്ക്കും മുകളില്‍. അദ്ദേഹത്തിന് മുന്നില്‍ എല്ലാവരും വണങ്ങണം. നിങ്ങളാണ് സ്പീക്കര്‍, നിങ്ങള്‍ ഒരാളുടെയും മുന്നില്‍ തലകുനിക്കരുത്. സ്പീക്കറാണ് ലോക്സഭയിലെ അവസാന വാക്ക്. അതിനാല്‍, സഭയിലെ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ അദ്ദേഹത്തിന് വിധേയരാണ്' -രാഹുല്‍ കൂട്ടിച്ചേര്‍ത്തു.