ന്യൂഡല്‍ഹി: അവധിക്കാല തിരക്ക് കണക്കിലെടുത്ത് കേരളത്തിന് പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വെ മന്ത്രാലയം അനുവദിച്ചു. ഇതോടൊപ്പം വിവിധ റെയില്‍വെ സോണുകളിലായി 149 സ്പെഷ്യല്‍ ട്രിപ്പുകളും റെയില്‍വെ അനുവദിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച കാര്യം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു.

ശബരിമല തീര്‍ത്ഥാടനത്തിനായി 413 സ്പെഷ്യല്‍ ട്രിപ്പുകളും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വെയുടെ പ്രഖ്യാപനം ക്രിസ്മസ് കാലത്ത് യാത്രാദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് സ്ലീപ്പര്‍, തേര്‍ഡ് എ.സി, സെക്കന്‍ഡ് എ.സി എന്നിവയിലൊന്നും കേരളത്തിലെ ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലേക്ക് കണ്‍ഫേം ടിക്കറ്റില്ലായിരുന്നു. കൊള്ളനിരക്ക് നല്‍കി വിമാന, ബസ് സര്‍വീസുകളെ ആശ്രയിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തിലാണ് റെയില്‍വെയുടെ പ്രഖ്യാപനം.

സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഞായര്‍ (22.12.2024) രാവിലെ എട്ടുമണി മുതല്‍ ആരംഭിക്കും എന്ന് ദക്ഷിണ റെയില്‍വേ വിഭാഗം അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് യശ്വന്ത്പുരില്‍നിന്നും മംഗലാപുരം വരെയും തിരിച്ചുമുള്ള രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും എന്ന് ദക്ഷിണ-പടിഞ്ഞാറന്‍ റെയില്‍വേ വിഭാഗം അറിയിച്ചു. 20 കോച്ചുകള്‍ അടങ്ങുന്നതാണ് ഈ സ്പെഷ്യല്‍ ട്രെയിനുകള്‍.

താംബരം -കന്യാകുമാരി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ (06039) ഡിസംബര്‍ 24, 31 തീയതികളില്‍ പുലര്‍ച്ചെ 00.35-ന് താംബരത്തുനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.15-ന് കന്യാകുമാരിയില്‍ എത്തിച്ചേരും.

കന്യാകുമാരി - താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 25, ജനുവരി 1 തീയതികളില്‍ വൈകീട്ട് 04.30-ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4.20-ന് താംബരത്ത് എത്തിച്ചേരും.

ചെന്നൈ സെന്‍ട്രല്‍ - കൊച്ചുവേളി പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ (06043) ഡിസംബര്‍ 23, 30 തീയതികളില്‍ രാത്രി 23.20-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് യാത്രതിരിച്ച് അടുത്ത ദിവസം വൈകീട്ട് 06.05-ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.

കൊച്ചുവേളി - ചെന്നൈ സെന്‍ട്രല്‍ പ്രതിവാര സ്പെഷ്യല്‍ ട്രെയിന്‍ (06044) ഡിസംബര്‍ 24, 31 തീയതികളില്‍ രാത്രി 20.20-ന് കൊച്ചുവേളിയില്‍നിന്ന് യാത്രതിരിച്ച് അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.

കൊച്ചുവേളി - മംഗളൂരു പ്രതിവാര അണ്‍റിസര്‍വ്ഡ് അന്ത്യോദയ സ്പെഷ്യല്‍ ട്രെയിന്‍ (06037) ഡിസംബര്‍ 23, 30 തീയതികളില്‍ രാത്രി 20.20-ന് കൊച്ചുവേളിയില്‍നിന്ന് യാത്രതിരിച്ച് തൊട്ടടുത്ത ദിവസം രാവിലെ 9.15-ന് മംഗളൂരുവില്‍ എത്തിച്ചേരും.

മംഗളൂരു - കൊച്ചുവേളി പ്രതിവാര അണ്‍റിസര്‍വ്ഡ് അന്ത്യോദയ സ്പെഷ്യല്‍ ട്രെയിന്‍ (06038) ഡിസംബര്‍ 24, 31 തീയതികളില്‍ രാത്രി 20.10-ന് മംഗളൂരുവില്‍നിന്ന് യാത്രതിരിച്ച് അടുത്ത ദിവസം രാവിലെ 10.00-ന് കൊച്ചുവേളിയിലെത്തും.

മുന്‍വര്‍ഷങ്ങളിലെ കണക്കനുസരിച്ച് ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുക. ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കുമുമ്പ് തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രാലയത്തോട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടത്. ശബരിമല സീസണ്‍ കൂടി പ്രമാണിച്ചാണ് കേരളത്തിന് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത് എന്നാണ് വിവരം.